സര്‍വകലാശാലകളിലെ സ്വതന്ത്ര അന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഉപരാഷ്ട്രപതി
ചണ്ഡീഗഢ്: സര്‍വകലാശാലകളിലെ സ്വതന്ത്ര അന്തരീക്ഷം നിലനിര്‍ത്താന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. പഞ്ചാബ് സര്‍വകലാശാലയിലെ 66ാമത് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു സര്‍വകലാശാല എങ്ങിനെയായിരിക്കണം, എങ്ങനെ ആകാതിരിക്കണം എന്നതിനെ കുറിച്ച് ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പ്രതിഷേധത്തിനുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. ബഹുസ്വരത അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുടെ ഭരണഘടന. ഇത് ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹത്തിന് സാധിക്കണം.
അക്കാദമിക് സ്വതന്ത്ര്യത്തെ നിലനിര്‍ത്താന്‍ സര്‍വകലാശാലകള്‍ തങ്ങളാല്‍ കഴിയും വിധം പ്രവര്‍ത്തിക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപെട്ടു.
സങ്കുചിത ചിന്താഗതിക്കാര്‍ സര്‍വകലാശാലകളെ കലുഷിതമാക്കിയിരിക്കുകയാണ്. ചിന്തിക്കുന്ന വിഭാഗത്തിന് ഇത്തരക്കാര്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളെ സ്വതന്ത്രമായ വിമര്‍ശന ബുദ്ധിയോടെ സ്വീകരിക്കുന്ന വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാക്കി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഭയപ്പെടാതെ പ്രശ്‌നങ്ങള്‍ക്കെതിരേ പ്രതികരിക്കാനും ഉറക്കെ ശബ്ദമുയര്‍ത്താനുമുള്ള അവകാശം സര്‍വകലാശാലകള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."