വികസനം പറഞ്ഞിരുന്ന സി.പി.എം ഇപ്പോള്‍ ജാതി പറയുന്നു: ഹസന്
ചെങ്ങന്നൂര്‍: വികസനത്തിന്റെ പേരില്‍ പ്രചാരണം തുടങ്ങിയ സി.പി.എം ഇപ്പോള്‍ വര്‍ഗീയ പ്രചാരണമാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. വിജയം യു.ഡി.എഫിനാണെന്ന് വ്യക്തമായതോടെയാണ് വര്‍ഗീയവിഷം ചീറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയത്.
അയ്യപ്പസേവാ സംഘം സംഘ്പരിവാറിന്റെ പോഷക സംഘടനയാണെന്നുപറഞ്ഞ കോടിയേരി മാപ്പുപറയണം.
ശബരിമല ഭക്തര്‍ക്ക് സഹായം നല്കുന്ന സന്നദ്ധ സംഘടനയുടെ പേരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ അപമാനിക്കാനുള്ള ശ്രമം വിലപ്പോവില്ല. പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന് മതേതര മുഖമാണുള്ളത്. അടിയുറച്ച കോണ്‍ഗ്രസുകാരനുമാണ്.
ന്യൂനപക്ഷ വോട്ട് തട്ടുന്നതിനായാണ് സി.പി.എം ജനങ്ങളില്‍ ഭീതിനിറയ്ക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് മുകളില്‍ താമര ഒളിച്ചുവച്ചിരിക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ കോടിയേരി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പുപറയണം. ഇല്ലെങ്കില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു, എബി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."