കൂടുതല്‍ പൊതുവാര്‍ത്തകള്‍
എസ്.എല്‍.ആര്‍.സി പൊതുപരീക്ഷ
കോഴിക്കോട് .എസ്.എല്‍.ആര്‍.സി വാര്‍ഷിക പൊതുപരീക്ഷ ഏപ്രില്‍ രണ്ടിന് പത്തുമണിക്ക് നടക്കും. ഒന്നുമുതല്‍ പത്തുവരെ വര്‍ഷങ്ങളിലായുള്ള പഠിതാക്കള്‍ക്കാണ് പരീക്ഷ. കോഴിക്കോട്-മര്‍സൂഖ് കോളജ് കല്ലായി റോഡ്, കണ്ണൂര്‍-ഡി.ഐ ഹൈസ്‌കൂള്‍, കോട്ടക്കല്‍- അല്‍മാസ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയം, എറണാകുളം-പുല്ലേപ്പടി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകള്‍.
സ്റ്റുഡന്റ് പൊലിസ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക്
വ്യാപിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കഴിയാവുന്നത്ര വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ അടുത്തവര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്റ് പൊലിസ് ഏഴാമത് സംസ്ഥാനതല സമ്മര്‍ ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റുഡന്റ് പൊലിസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നേടിയ അറിവുകള്‍ അവരവരുടെ ഉന്നതിക്കൊപ്പം സമൂഹത്തിനായും ഉപയോഗിക്കപ്പെടണം. അപ്പോഴാണ് യഥാര്‍ഥ കേഡറ്റാവുന്നതെന്ന ചിന്ത പ്രചോദനമാകണം. ഇപ്പോള്‍ 574 സ്‌കൂളുകളിലായി അര ലക്ഷത്തോളം കേഡറ്റുകള്‍ സ്റ്റുഡന്റ് പൊലിസ് പദ്ധതിയിലൂടെ പരിശീലനം നേടുന്നുണ്ട്.
നാടിന് കാര്യക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറ ആവശ്യമാണ്. അതിനാല്‍ സര്‍ക്കാരും സമൂഹവും പ്രാധാന്യത്തോടെയാണ് പദ്ധതിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ സുരക്ഷയില്‍ ഇന്ത്യ മുന്നില്‍
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കല്‍, സൈബര്‍ സുരക്ഷിതത്വം എന്നീ മേഖലകളില്‍ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലാണ് ഇന്ത്യയെന്ന് റിസര്‍വ് ബാങ്ക് വിവരസാങ്കേതിക വകുപ്പിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്.ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇസ്രാഈലിനു തൊട്ടു പിന്നിലാണ് ഇന്ത്യ. വിവരാവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ വസ്തുതാ വിവരങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതു ലക്ഷ്യമിട്ട് ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റി ആക്ടിന്റെ ആവശ്യകത ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റല്‍വത്കരണം വന്നതോടുകൂടി വ്യാജ കറന്‍സികളുടെ വ്യാപനം കുറഞ്ഞിട്ടുണ്ടെന്നും ഇന്ത്യക്ക് ശക്തമായ സാമ്പത്തിക വ്യവസ്ഥ ഉള്ളതുകൊണ്ട് ലോകരാജ്യങ്ങളില്‍ ശക്തമായ മുന്നേറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഷൈനയുടെ ചിത്രം ഉപയോഗിച്ചതു മനപ്പൂര്‍വമല്ല'
തിരുവനന്തപുരം:'അങ്കമാലി ഡയറീസ്'സിനിമയില്‍ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതു മനപ്പൂര്‍വമല്ലെന്നും കലാവിഭാഗത്തിനു സംഭവിച്ച പിഴവാണെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മീറ്റ് ദി പ്രസില്‍ പറഞ്ഞു.
പൊലിസ് അറസ്റ്റ് ചെയ്ത മാവോവാദി ഷൈനയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിനെതിരേ ഷൈനയുടെ മകള്‍ ആമി രംഗത്തുവന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് ലിജോ ജോസ് ഇങ്ങനെ പ്രതികരിച്ചത്.
അമ്മയുടെ ചിത്രം ഉപയോഗിച്ച രംഗങ്ങള്‍ സിനിമയില്‍ നിന്നു നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആമി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബുവും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."