വിമുക്തി; താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ശക്തമാക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെ പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി യോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ യോഗം ചേരണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിമുക്തിക്കായി അനുവദിച്ച ഫണ്ട് വിനിയോഗിച്ച കമ്മിറ്റികള്‍ ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വിനിയോഗിക്കാത്ത സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഫലപ്രദമായി തുക വിനിയോഗിക്കണം. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണം.
അധ്യയന വര്‍ഷാരംഭം കണക്കിലെടുത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം, ക്ലാസ് അരംഭിച്ചു കഴിയുമ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം സജീവമാക്കണം,
ജില്ലയില്‍ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അടുത്ത രണ്ടു മാസക്കാലം കൂടുതല്‍ ക്രിയാത്മകയമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതില്‍ നെഹ്‌റു യുവകേന്ദ്രയുടെയും ആരോഗ്യവകുപ്പിലെ വിദഗ്ധരുടെയും സേവനം തേടാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീണര്‍ എസ്. സലീം, അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ സനു, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ പി.കെ ജയരാജ്, മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."