കഫീല്‍ഖാന്റെ വരവു മുടക്കിയത് വിവാദമാകുന്നു
തിരുവനന്തപുരം: കേരളത്തില്‍ വന്ന് നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഗോരഖ്പൂരിലെ ഡോ. കഫീല്‍ഖാനോട് ഇങ്ങോട്ടു വരേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞെന്ന ആരോപണം വിവാദമാകുന്നു. തന്നോടു വരേണ്ടെന്നു പറഞ്ഞെന്ന് കഫീല്‍ഖാന്‍ പറയുമ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
സേവന സന്നദ്ധത പ്രകടിപ്പിച്ച കഫീല്‍ഖാനെ മുഖ്യമന്ത്രി കേരളത്തിലേക്കു സ്വാഗതം ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ രണ്ടു വിമാന ടിക്കറ്റുകള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എയിംസില്‍ നിന്ന് വിദഗ്ദ്ധ സംഘം എത്തുന്ന സാഹചര്യത്തില്‍ തല്‍കാലം വരേണ്ടൈന്ന് വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വജയന്റെ ഓഫിസില്‍ നിന്ന് വിളിച്ചറിയിച്ചതായി കഫീല്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ ഇടപെടല്‍ കാരണമാണോ തന്റെ സേവനം ഒഴിവാക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടായ കഫീല്‍ഖാനെ മുഖ്യമന്ത്രി സംസ്ഥാനത്തേക്കു ക്ഷണിച്ചപ്പോള്‍ തന്നെ വിവാദമുയര്‍ന്നിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കഫീല്‍ ഖാന്റെ സന്ദര്‍ശനം പ്രചാരണമാക്കി ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണിതെന്നായിരുന്നു സംഘ്പരിവാറിന്റെ ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ വരവു മുടങ്ങിയതോടെ വിവാദം മറ്റൊരു ദിശയിലേക്കാണ് തിരിയുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും സംഘ്പരിവാര്‍ വിധേയത്വം കാരണമാണ് വരേണ്ടെന്നു പറഞ്ഞതെന്ന ആരോപണം മറ്റു ചില കോണുകളില്‍ നിന്ന് ഉയരുകയാണ്. ചെങ്ങന്നൂരില്‍ ബി.ജെ.പി ഇത് പ്രചാരണായുധമാക്കുമെന്ന ഭയം വിലക്കിനു കാരണമായിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരു വിഭാഗം ഡോക്ടര്‍മാരില്‍ നിന്ന് ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് വിലക്കിനു കാരണമായതായും സൂചനയുണ്ട്. മുഖ്യമന്ത്രി കഫീല്‍ഖാനെ സ്വാഗതം ചെയ്തതു മുതല്‍ ചില ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
ആരോഗ്യ മേഖലയില്‍ വന്‍ പുരോഗതി നേടിയ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് കഫീല്‍ ഖാനില്‍ നിന്ന് ഒന്നും മനസിലാക്കാനില്ലെന്നും നിപ വൈറസ് ചികിത്സയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നുമാണ് അവരുടെ വാദം. അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിലെ ഡോക്ടര്‍മാര്‍ ചികിത്സാ വൈദഗ്ധ്യം കുറഞ്ഞവരാണെന്ന ധാരണ പരത്തുമെന്ന അഭിപ്രായം അവര്‍ക്കിടയില്‍ ശക്തമായതായാണ് ചില ഡോക്ടര്‍മാരുടെ സാമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ നല്‍കുന്ന സൂചന.
അതേസമയം, കഫീല്‍ ഖാന്റെ വരവ് തടഞ്ഞെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ഇവിടെ നിന്ന് ആരും അദ്ദേഹത്തെ വിളിച്ചു വരേണ്ടെന്നു പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി തന്നെ സ്വാഗതം ചെയ്തതാണ്. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തോടു വരേണ്ടെന്നു പറയില്ലെന്ന്് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."