ബി.ജെ.പിക്കുവേണ്ടി കോടികള്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ബി.ജെ.പിക്കു വേണ്ടി വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത് കോടികള്‍.
ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ആവശ്യപ്പെട്ടത് 1000കോടി രൂപയാണ്. കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136ലാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഓരോ നേതാക്കളുടെ വിജയത്തിനായി ആറ് കോടി മുതല്‍ 50 കോടി രൂപ വരെയാണ് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള മാധ്യമങ്ങള്‍ ആവശ്യപ്പെട്ടതെന്നും കോബ്രാ പോസ്റ്റ് നടത്തിയ അന്വേഷണത്തില്‍ പറയുന്നു.
2014ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയിലെ ചില മാധ്യമങ്ങള്‍ കോടിക്കണക്കിന് രൂപ വാങ്ങി ബി.ജെ.പി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോബ്ര അന്വേഷണം നടത്തി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
കോബ്രാ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യം ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, അതിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കുക എന്നിങ്ങനെയാണ് പുഷ്പ് ശര്‍മ മുന്നോട്ടു വച്ച കാംപയിന്‍ രീതി.
ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കാതെ അനുകൂലമായാണ് എല്ലാ മാധ്യമ മേധാവികളും പ്രതികരിച്ചത്. ഇദ്ദേഹം സമീപിച്ച രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പിന്‍മാറി. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ഈ രണ്ട് സ്ഥാപനങ്ങളും തയാറായില്ലെന്നും കോബ്രാ പോസ്റ്റ് പറയുന്നു.
പണം ലഭിച്ചാല്‍ വിശ്വാസം, മതം എന്നിവ മറയാക്കി ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം, തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ എഴുതാം, രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം, അഡ്വട്ടോറിയല്‍ പ്രസിദ്ധീകരിക്കാം, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, എഫ്.എം പ്ലാറ്റ്‌ഫോം എന്നിവ കാംപയിനിനായി ഉപയോഗിക്കാം, സമരം ചെയ്യുന്ന കര്‍ഷകരെ മാവോവാദികളാക്കി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം, രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയും സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ നിലപാട്
പ്രതിഫലമായി കള്ളപ്പണം സ്വീകരിക്കാമെന്നും മാധ്യമപ്രതിനിധികള്‍ സമ്മതിച്ചു. ആര്‍.എസ്.എസുമായി ബന്ധമുള്ള ആളുകളാണ് തങ്ങളെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നു പറഞ്ഞു.
ബി.ജെ.പിയ്ക്കായി കാംപയിന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്നായിരുന്നു പലരുടെയും പ്രതികരണം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിന്റെ വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."