ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ തുടങ്ങിയവ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെ ജില്ലയിലെ സ്വകാര്യ പരിപാടികള്‍ ഒഴിവാക്കി രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍. സമ്മേളനങ്ങള്‍, പൊതുയോഗങ്ങള്‍, ഇഫ്താര്‍ മീറ്റ് തുടങ്ങി നേരത്തെ തീരുമാനിച്ച ചടങ്ങുകളാണു മാറ്റിവയ്ക്കുന്നത്. ചില സമ്മേളനങ്ങളുടെ സ്ഥലം കോഴിക്കോട്ടുനിന്ന് മാറ്റുകയും ചെയ്തു.
നിരോധനാജ്ഞയുടെ ഹാങ് ഓവര്‍ തീരുംമുന്‍പ്
കഴിഞ്ഞ മാസം ഏപ്രില്‍ 18നു സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റിവച്ച സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അതിന്റെ ഹാങ് ഓവര്‍ മാറി സജീവമായി വരുമ്പോഴേക്കുമാണ് വീണ്ടുമൊരു നിരോധനാജ്ഞാകാലം ഓര്‍മിപ്പിക്കുന്ന തരത്തിലേക്ക് ജില്ല മാറിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികള്‍, പെട്ടെന്നുണ്ടാകുന്ന ഹര്‍ത്താല്‍, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്.
കല്യാണ
സല്‍ക്കാരവും മാറ്റി
നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്യാണ സല്‍ക്കാരങ്ങളും മാറ്റിവച്ചു. കോഴിക്കോട് തളി കല്യാണ മണ്ഡപത്തില്‍ നടത്താനിരുന്ന കല്യാണങ്ങള്‍ മുന്‍ നിശ്ചയിച്ച മുഹൂര്‍ത്ത പ്രകാരം നടക്കുന്നുണ്ടെങ്കിലും സല്‍ക്കാരങ്ങള്‍ ഒഴിവാക്കുകയാണെന്നു ക്ഷേത്രജീവനക്കാര്‍ പറയുന്നു. ഇനി നടക്കാനിരിക്കുന്ന വിവാഹങ്ങളെല്ലാം സല്‍ക്കാരങ്ങള്‍ ഒഴിവാക്കിയാണു നടത്തുകയെന്നും ജീവനക്കാര്‍ പറഞ്ഞു.
ദീര്‍ഘദൂര ബസുകളില്‍
ആളെ കയറ്റുന്നില്ല
ഹലോ, ബംഗളൂരു യാത്രയ്ക്കായി ബസ് ബുക്ക് ചെയ്യാനാണ്.
ട്രാവല്‍ ഏജന്‍സി: സര്‍ എവിടെ നിന്നാണ്.
കോഴിക്കോട്ടു നിന്ന്.
ട്രാവല്‍ ഏജന്‍സി: സര്‍ നിലവില്‍ സീറ്റ് ഫുള്ളാണ്.
കഴിഞ്ഞദിവസം ദീര്‍ഘദൂര ബസിനായി ട്രാവല്‍ ഏജന്‍സിയിലേക്കു വിളിച്ച യാത്രക്കാരന്റെ അനുഭവമാണിത്. നിപാ വൈറസ് ബാധ കാരണം കോഴിക്കോട്ടു നിന്നുള്ള യാത്രക്കാരെ ഒഴിവാക്കുന്ന അവസ്ഥയാണുള്ളതെന്ന് യാത്രക്കാര്‍ പറയുന്നു. എം.എം അലി റോഡില്‍ നിന്നു പുറപ്പെടുന്ന ബസുകളില്‍ സാധാരണ നിലയില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ യാത്രക്കാരെ കയറ്റുന്ന പതിവുണ്ടായിരുന്നെങ്കിലും നിപാ ഭീതി വന്നതോടെ ഇതില്‍ നിന്നു ഇവര്‍ പിന്മാറിയിരിക്കുകയാണെന്നും യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വാട്‌സ് ചതിച്ചാശാനേ...
മാര്‍ക്കറ്റിലേക്കാരും വരുന്നില്ല
പാളയം മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ ആളില്ല. പഴം, പച്ചക്കറി സാധനങ്ങള്‍ എടുത്ത വിലയില്‍ പകുതി വിലക്കു വിറ്റുതീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. വിലകുറച്ച് കൊടുത്തിട്ടും പഴങ്ങളൊന്നും ആര്‍ക്കും വേണ്ട. വാട്‌സ് ആപില്‍ പ്രചരിച്ച സന്ദേശമാണ് ഇതിനു കാരണം. നോട്ടുനിരോധനവും ജി.എസ്.ടിയും കച്ചവടത്തെ ബാധിച്ചിരുന്നു. അതു കഴിയുമ്പോഴേക്കും നിപാ ഭീതിയും ഞങ്ങളുടെ കച്ചവടത്തെ ബാധിച്ചെന്ന് പാളയം ഫൂട്ട്പാത്ത് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. പഴങ്ങള്‍ കഴിക്കരുതെന്ന് വ്യാജ വാട്‌സ് ആപ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
റേഷന്‍ വാങ്ങാനും കൈ കഴുകണം
റേഷന്‍കടയില്‍നിന്ന് അരി കിട്ടാന്‍ പഞ്ചിങ് മെഷിനില്‍ വിരലമര്‍ത്തണമെങ്കില്‍ ആദ്യം ഡെറ്റോളിട്ട് കൈകഴുകണം. തുണിയില്‍ തുടച്ചു വിരല്‍ ഉണക്കിയശേഷം വേണം പഞ്ചിങ് മെഷിനില്‍ അമര്‍ത്താന്‍. നിപാ വൈറസിനെ ഭയന്നു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശപ്രകാരം റേഷന്‍ കടക്കാര്‍ ഒരുക്കിയതാണിത്. ബക്കറ്റിലെ വെള്ളത്തില്‍ ഡെറ്റോളൊഴിച്ച് ഇതിനുള്ള സൗകര്യം കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിറപ്പിച്ച നിപാ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ച കൂരാച്ചുണ്ടിലെ റേഷന്‍ കടകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനു പഞ്ചിങ് മെഷിനില്‍ വിരല്‍ വയ്ക്കുന്നവരെല്ലാം കൈ ഡെറ്റോള്‍ വെള്ളത്തില്‍ കഴുകിയാണ് മെഷിനില്‍ തൊടുന്നത്.
എല്ലാവരും മാസ്‌ക് ധരിക്കുന്നു; പക്ഷേ, ക്ഷാമം തന്നെ
വൈറസ് ബാധ ഭയന്ന് ഉള്‍നാടുകളില്‍പോലും ആളുകള്‍ മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങി. ചില ബസുകളിലെ കണ്ടക്ടര്‍മാരും കടകളിലെ വ്യാപാരികളുമെല്ലാം മാസ്‌ക് അണിയുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കൊപ്പമെത്തുന്നവരും മരുന്നു വാങ്ങാന്‍ വരുന്നവരുമെല്ലാം മാസ്‌ക് അണിഞ്ഞ് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ലാബ് ടെക്‌നീഷ്യന്‍മാരും നഴ്‌സുമാരും പഴ്‌സണല്‍ സുരക്ഷാ ഉപകരണം(പി.പി.ഇ) ഉപയോഗിക്കണമെന്നും രോഗിയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ ഓരോ 20 സെക്കന്‍ഡിലും സ്പിരിറ്റ് ഉപയോഗിച്ച് കൈകഴുകണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഒരുദിവസം ആയിരത്തിലേറെ മാസ്‌കകുള്‍ വിറ്റഴിയുന്നുണ്ടെന്ന് സര്‍ജിക്കല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ പറയുന്നു. 110 രൂപ വില വരുന്ന എന്‍ 95 മാസ്‌കുകളാണ് ഇത്തരത്തില്‍ വില്‍പന ചെയ്യുന്നത്
തിരക്കൊഴിഞ്ഞ് ആശുപത്രികള്‍
രോഗികളെ കാണാന്‍ പോലും ആശുപത്രികളില്‍ ആളുകള്‍ വരുന്നില്ല. വാര്‍ഡുകളിലെല്ലാം രോഗികള്‍ കുറഞ്ഞു. മുന്‍പ് രോഗികളെ കാണാന്‍ സന്ദര്‍ശക സമയത്തിനും അര മണിക്കൂര്‍ മുന്‍പ് തിക്കും തിരക്കുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ ഉണ്ണിയുടെ വേവലാതിയാണിത്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശകരുടെ എണ്ണം വളരെ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."