തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റമറ്റ രീതിയില്‍ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം.ആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബര്‍ 23 നു റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും പിണറായി പറഞ്ഞു.
എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റങ്ങള്‍ എന്നിവയില്‍ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കടേഷിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം എന്നതാണ് ഒന്നാമത്തെ തീരുമാനം. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്ക് പിഴവ് സംഭവിച്ചോ എന്ന് അന്വേഷിക്കാനായി ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനു പൂരം നടത്തിപ്പില്‍ വീഴ്ച്ചയുണ്ടായെന്ന് സംസ്ഥാന ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേപറ്റി വിശദമായി അന്വേഷിക്കാന്‍ ഡി.ജി.പിയെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."