കീടബാധയും, കാലാവസ്ഥാ വ്യതിയാനവും; 'പാവല്‍' കര്‍ഷകര്‍ക്ക് കയ്ക്കുന്നു
മറയൂര്‍: കീടബാധയും, കാലാവസ്ഥാ വ്യതിയാനവും വിലയിടിവും പാവല്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ സീസണില്‍ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
തോണികുത്ത് ഭാഗത്ത് കുന്നിന്‍ മുകളിലുള്ള മൂന്നര ഏക്കര്‍ സ്ഥലത്താണ് സ്വാമിമാരിയപ്പന്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇടുക്കി രാജകുമാരിയില്‍ നിന്നുമാണ് പാവല്‍കൃഷിക്കായുള്ള വിത്തുകള്‍ വാങ്ങിയത്. ഏറെ പ്രതീക്ഷയോടെയാണ് തേയില തോട്ടങ്ങള്‍ക്ക് നടുവിലായി സാമി വേനല്‍ കാല പാവല്‍ കൃഷി ഇറക്കിയത്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനവും അപ്രതീക്ഷിതമായി എത്തിയ പ്രാണിയുടെ ശല്യവും സാമിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു. ആദ്യം കാറ്റിന്റെയും വന്യ മൃഗങ്ങളുടെയും രൂപത്തില്‍ നാശം വിതച്ചു ഇതിനെ അതിജീവിച്ച് പാവക്ക ഉണ്ടായി തുടങ്ങിയപ്പോഴാണ് പ്രാണി വില്ലനായിട്ട് എത്തിയത്.
പ്രാണിയെ തുരത്താന്‍ വേപ്പെണ്ണ പോലുള്ള ജൈവകീടനാശിനികള്‍ സ്‌പ്രേ ചെയ്ത് തുരത്തി വന്നിരുന്ന സാഹചര്യത്തിലാണ് വേനല്‍ മഴ എത്തിയത്. ഇതോടെ പാവല്‍ ചെടികള്‍ക്ക് കീടബാധ വ്യാപകമായി. പാവക്ക ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ കറുത്ത പ്രാണി പിടികൂടുകയും ഉണ്ടായ പാവക്കയെല്ലാം പഴുത്ത് നശിക്കുകയും ചെയ്യും.
മൂന്നാര്‍ കൃഷി ഓഫീസില്‍ അറിയിച്ചെങ്കിലും ഇവിടെ എത്തുകയോ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ഒന്നും ചെയ്തിരുന്നില്ലെന്ന് സാമി പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ പച്ചക്കറി കൃഷികള്‍ ചെയ്യുന്നുണ്ടെങ്കിലും കൃഷി വകുപ്പില്‍ നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ല. പാവല്‍ കൂടാതെ പടവലം, ബീന്‍സ്, കത്തിരി, തക്കാളി, ചോളം എന്നിവയും സാമിയുടെ കൃഷി ഭൂമിയില്‍ വിളയുന്നുണ്ട്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിക്ക് ന്യായവിലയും ലഭിക്കുന്നില്ല. ഒരു കിലോ പാവക്കയ്ക്ക് 20 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാങ്കില്‍ നിന്ന് കടമെടുത്തും പരിചയക്കാരുടെ കൈയില്‍ നിന്ന് കടം വാങ്ങിയും ഇറക്കിയ കൃഷിയില്‍ നിന്ന് മുടക്ക് മുതലിന്റെ നാലിലൊന്ന് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."