ആധുനികതയുടെ കെണിയൊരുക്കങ്ങള്‍
ജീവിതശൈലിയുടെ ഭാഗമായി രോഗങ്ങള്‍ വരാം. അതൊരു സ്വാഭാവികമായ പ്രക്രിയയാണ്. എന്നാല്‍ ശത്രുരാജ്യത്തെ ഉന്മൂലനം ചെയ്യാനുറച്ചെന്നപോലെ അണുവാഹകരായി, രംഗത്തുവന്ന് രോഗം പരത്തുന്ന ചില ദുര്‍മനസുകളുണ്ടെന്ന കണ്ടെത്തലുകള്‍ ഉല്‍കണ്ഠാജനകമാണ്. വിഭ്രമാത്മകമായ ഈ സത്യം നൂതന രചനാതന്ത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന നോവലാണ് പ്രദീപ് പേരശ്ശന്നൂരിന്റെ 'ചുരുണ്ടടവ്'.
എച്ച്.ഐ.വിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആദ്യത്തെ മലയാള നോവല്‍ എന്ന വിശേഷണത്തിനര്‍ഹമാണ് ചുരുണ്ടടവ്. എച്ച്.ഐ.വിയും എയ്ഡ്‌സും തമ്മിലുള്ള ബന്ധവും രോഗനിര്‍ണയവും ചികിത്സാരീതികളും സാന്ത്വനപ്രവര്‍ത്തനങ്ങളുമൊക്കെ കഥ പറയുന്നതിനിടെ വാര്‍ന്നുവീഴുന്ന ഈ നോവലിന് മൂന്നു ഭാഗങ്ങളാണുള്ളത്. ആകാശ് ദാമോദരന്‍ എന്ന ചെറുപ്പക്കാരന്‍ എച്ച്.ഐ.വി ടെസ്റ്റിനായി ആശുപത്രിയില്‍ എത്തുന്നിടത്തു നിന്നാണ് ആദ്യഭാഗം (വേട്ട) തുടങ്ങുന്നത്.
കെണിയുടെ രണ്ടാം ഘട്ടമാണ് നോവലിന്റെ അടുത്ത ഭാഗം (ആഗ്രഹം). ബാബു പ്രശാന്ത് എന്ന എഴുത്തുകാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കെണികളും പരുക്കേറ്റു കൊണ്ടുള്ള രക്ഷപ്പെടലുമാണ് ഇതിവൃത്തം. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ ആയ ബാബു പ്രശാന്ത്, ആ തിരക്കിനിടയിലും കഥകളെഴുതുന്നു. തിരക്കഥ എഴുതി സംവിധായകനെ ഏല്‍പ്പിക്കുന്നു. സിനിമയാക്കാന്‍ ലക്ഷങ്ങള്‍ വേണമെന്ന ആവശ്യം ബാങ്കില്‍നിന്നു കടമെടുത്തും നിറവേറ്റുന്നു.
പക്ഷേ, സിനിമ പുറത്തിറങ്ങിയപ്പോള്‍ സംവിധായകന്റെ പേരുതന്നെ തിരക്കഥാകൃത്തിന്റെയും പേരായി മാറ്റപ്പെടുന്നു. ഇവിടെയും ദാമ്പത്യത്തില്‍ നിന്നു വഴിമാറി സഞ്ചരിക്കാനുള്ള കെണിയൊരുക്കങ്ങളുണ്ട്.
മൂന്നാംഭാഗം (ബലിയാട്) ഞെട്ടിപ്പിക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന്റെ നൂതനമുഖം പുറത്തുകൊണ്ടുവരുന്നു. ഇന്ത്യ എന്ന രാജ്യത്തെ, ലോകത്തിന്റെ ഒന്നാംകിട ശക്തിയായി വളരുന്നതില്‍ നിന്നു ശത്രുരാജ്യങ്ങള്‍ തടയിടുന്ന മതതീവ്രവാദ പ്രവര്‍ത്തനത്തേക്കാള്‍ മാരകമായ രോഗാണു വ്യാപനത്തിന്റെ ഫലമാണ് ഇവിടെ പടരുന്ന എയ്ഡ്‌സ്.
അതിനിരയാകുന്ന പാവം മനുഷ്യര്‍ രോഗാണു വാഹകരായി മരണത്തെ ആശ്ലേഷിക്കുന്നു. ആശുപത്രിയിലെ ഏകാന്ത മുറിക്കുള്ളില്‍ കഴിയുന്ന ആകാശ് ദാമോദരനെ കണ്ടെത്തുന്ന എഴുത്തുകാരനായ ബാബു പ്രശാന്ത് എച്ച്.ഐ.വി പരത്തുന്ന സെഡ്ക്ലബ് പ്രവര്‍ത്തനത്തിന്റെ തീക്ഷ്ണതയാര്‍ന്ന രൂപങ്ങള്‍ തിരിച്ചറിയുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന ജമാലുദ്ദീനെ മരണത്തിലേക്കെത്തിച്ച ചതിയുടെ ചിത്രം ഇവിടെ വെളിപ്പെടുമ്പോള്‍, തലനാരിഴക്കു വേട്ടക്കാരനില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം ബാബു പ്രശാന്തിന്റെ തുടര്‍ കുടുംബ ജീവിതത്തെ ധന്യമാക്കുന്നു.
ജീവിതത്തിന്റെ വ്യവസ്ഥാപിത അനുഭവങ്ങളെ പുതുക്കിപ്പണിയുന്ന എഴുത്തുകാരന്റെ ചുരുണ്ടടവ് വൈദഗ്ധ്യ പൂര്‍ണമായ രചനാതന്ത്രത്തിന്റെ ഉത്തമ മാതൃകയാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ വഴിമാറി നടക്കാനുള്ള പുതുതലമുറയുടെ ബോധത്തെ പതിയിരിക്കുന്ന കെണികളെ ചൂണ്ടിക്കാണിച്ച് നോവലിസ്റ്റ് നേര്‍വഴിയിലേക്കു നടത്തിക്കുന്നു.
നൈമിഷികമായാനന്ദം തേടിയലയുമ്പോള്‍ ഇരുട്ടില്‍ ഇടുങ്ങിയ വഴികളില്‍ പ്രലോഭനങ്ങള്‍ ഉണ്ടാക്കുന്ന ചുരുണ്ട അടവുകളുമായി പതുങ്ങിക്കിടക്കുന്ന ക്ഷുദ്രജന്തുക്കളെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പു തരുന്നു. ജീവിതത്തിന്റെ പച്ചപ്പ് എന്നും നിലനില്‍ക്കാന്‍ സുഭദ്രമായ കുടുംബജീവിതം തന്നെയാണ് അഭികാമ്യം എന്ന സത്യം വായനക്കാരനെ ഓര്‍മപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."