ഗിരിവര്‍ഗ കോളനിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടങ്ങള്‍ നോക്കുകുത്തികളായി
മരട്: നഗരസഭയിലെ നെട്ടൂര്‍ തണ്ടാശ്ശേരി ഗിരിവര്‍ഗ കോളനിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സര്‍ക്കാര്‍ പണികഴിപ്പിച്ച കെട്ടിടങ്ങള്‍ നോക്കുകുത്തികളായി . സാംസ്‌കാരിക നിലയം, വൃദ്ധസദനം, ഓഡിറ്റോറിയം എന്നിവയാണ് പ്രയോജനപ്പെടുത്താനാവാതെ കിടക്കുന്നത്.സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് വിവിധ കാലയളവുകളിലായി നിര്‍മിച്ച കെട്ടിടങ്ങളാണു വെറുതെ കിടന്നു നശിക്കുന്നത്.
കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതിലുപരി പ്രയോജനകരമാം വിധം പദ്ധതികളുടെ ആസൂത്രണമില്ലായ്മയാണ് ഇതിന് കാരണമായി പ്രദേശവാസികള്‍ പറയുന്നത്.
കോളനിവാസികളുടെ സാംസ്‌കാരികമായ ഉന്നമനത്തിനായി പണികഴിപ്പിച്ചതാണ് സാംസ്‌കാരിക നിലയം. പ്രൊഫ: കെ.വി തോമസിന്റെ എം.പിഫണ്ടില്‍ നിന്നും ഇരുപതുലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണചെലവ്. 2015 ല്‍ ആണ് ഇതിന്റെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയതത്. ഒരു വര്‍ഷമെത്തി യിട്ടും കോളനിവാസികള്‍ക്കായി എങ്ങിനെ പ്രയോജനപ്പെടുത്താനാവുമെന്ന് അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല.പതിനാലര ലക്ഷം രൂപ ചിലവഴിച്ച് സാമാന്യം നല്ല രീതിയിലുള്ള ഒരു വൃദ്ധസദനവും ഇവിടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് 2014 ജൂണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കോളനിവാസികള്‍ക്ക് സമര്‍പ്പിച്ചതാണ് .
എന്നാല്‍ ഇഴ ജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണിതെന്നും പരിസരവാസികള്‍ പറയുന്നു. രണ്ട് വര്‍ഷമായിട്ടും ഇതും പ്രയോജനപ്പെടുത്താന്‍ വേണ്ട നടപടികളായിട്ടില്ല.
വിവാഹ ആവശ്യങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കും, മറ്റും പ്രയോജനപ്പെടുന്ന വിധം പണികഴിപ്പിച്ച ഒരു ഓഡിറ്റോറിയവുമുണ്ട് ഇവിടെ. വൈറ്റില ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലയളവില്‍ നിര്‍മിച്ചതാണ് ഇത്. കാര്യമായ പ്രയോജനമില്ലാതെ കിടന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാടകക്ക് താമസിക്കാന്‍ നല്‍കിയിരിക്കുകയായിരുന്നു ഈ ഓഡിറ്റോറിയം. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്നിട് ഒഴിപ്പിച്ചെടുക്കുകയായിരുന്നു.ഇരുപത്തേഴ് ഗിരിവര്‍ഗ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഇതില്‍ പലരും അടച്ചുറപ്പില്ലാത്ത വീടുകളിലാണു പ്രായമായ പെണ്‍കുട്ടികളുമായി താമസിക്കുന്നത്.
ഏഴു കുടുംബങ്ങള്‍ക്കു ഭുമിയുടെ പട്ടയവും കിട്ടിയിട്ടില്ല. ഭൂമിയുടെ രേഖയില്ലാത്തതിനാല്‍ വീട് നിര്‍മാണത്തിനും മറ്റുമുള്ള സഹായവും ലഭിക്കുന്നില്ല. ഒലമേഞ്ഞു ചോര്‍ന്നൊലിക്കുന്ന വിടുകളിലാണ് ഇവരില്‍ ചിലര്‍ അന്തിയുറങ്ങുന്നത്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങളല്ലാതെ പട്ടയം ലഭ്യമാക്കാന്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും കോളനിവാസികള്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."