നേര്യമംഗലം നിലയത്തിലെ തകരാര്‍; വൈദ്യുതിബോര്‍ഡിന് ഇരട്ടി നഷ്ടം
തൊടുപുഴ: നേര്യമംഗലം വൈദ്യുതി നിലയത്തിലെ പെന്‍സ്റ്റോക്ക് തകരാര്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നുവിട്ട് ലക്ഷങ്ങളുടെ വൈദ്യുതിക്കുള്ള വെള്ളം ഒഴുക്കിക്കളയുന്നു. നേര്യമംഗലം നിലയത്തിലെ 17.5 മെഗാവാട്ട് ശേഷിയുള്ള മൂന്നാംനമ്പര്‍ ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് കഴിഞ്ഞ 11ന് പ്രവര്‍ത്തനരഹിതമാണ്. തകരാര്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്തമഴയില്‍ ലഭിച്ച കല്ലാര്‍കുട്ടിയിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഹൈറേഞ്ച് മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സംഭരണശേഷി കവിഞ്ഞിരിക്കുകയാണ്. ചെങ്കുളം, പന്നിയാര്‍ പവര്‍ഹൗസുകളില്‍ ഉല്‍പാദനം പൂര്‍ണതോതിലായതിനാല്‍ കല്ലാര്‍കുട്ടി അണക്കെട്ടില്‍ എത്തുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്. ഇക്കാലത്ത് നേര്യമംഗലം പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. കല്ലാര്‍കുട്ടി അണക്കെട്ടിലെ വെള്ളം കൂടി എത്തിയതോടെ സംഭരണശേഷി കവിഞ്ഞ ലോവര്‍പെരിയാര്‍ അണക്കെട്ടും തുറന്നുവിട്ടു. ഇതുകൂടി പരിഗണിക്കുമ്പോള്‍ വൈദ്യുതിബോര്‍ഡിന്റെ നഷ്ടം ഇരട്ടിയാകും. ലോവര്‍പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 180 മെഗാവാട്ടിന്റെ കരിമണല്‍ പവര്‍ഹൗസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും നീരൊഴുക്ക് ശക്തമായതിനാല്‍ ലോവര്‍പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഇതിനിടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ നാലാം നമ്പര്‍ ഷട്ടറില്‍ തകരാര്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രാത്രി 9.30 ഓടെയാണ് കല്ലര്‍കുട്ടിയിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. അരയടി ഇയര്‍ത്തിയ നാലാമത്തെ ഷട്ടര്‍ കൂടുതല്‍ ഉയരാതെ വന്നതോടെ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷട്ടറിന്റെ ബീഡിങ് തകര്‍ന്നതാണു തകരാറിന് കാരണമെന്നാണു സൂചന. വൈദ്യുതിബോര്‍ഡിലെ വിദഗ്ധര്‍ ഇന്ന് കല്ലാര്‍കുട്ടി സന്ദര്‍ശിക്കും. തുടര്‍ന്നു രണ്ടാംനമ്പര്‍ ഷട്ടര്‍ ഉയര്‍ത്തി. അഞ്ചു ഷട്ടറുകളാണ് കല്ലാര്‍കുട്ടി അണക്കെട്ടിനുളളത്. ഷട്ടറുകള്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണു പ്രശ്‌നത്തിനു കാരണം. കല്ലാര്‍കുട്ടി അണക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യാന്‍ മൂന്നുവര്‍ഷം മുന്‍പ് സ്ലൂയിസ് വാല്‍വ് തുറന്നിരുന്നു. അന്നും ഷട്ടര്‍ അടയ്ക്കാന്‍ കഴിയാതെ വന്നതു വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."