റോഡുകള്‍ തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍
ചിങ്ങവനം: മഴക്കാലമായതോടെ റോഡുകള്‍ തര്‍ന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. കുറിച്ചി പഞ്ചായത്തിലെ റോഡുകള്‍ മുഴുവനും തകര്‍ന്ന നിലയിലായിട്ട് നാളുകള്‍ ഏറെയായി.എന്നാല്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങിയിട്ടില്ല.
പഞ്ചായത്തിലെ പ്രധാന റോഡുകളായ കണ്ണന്ത്രപ്പടി, പുളിമൂട് റോഡ്, ചാലച്ചിറ-ഇളംങ്കാവ് റോഡ്, കുറിച്ചി-ശങ്കരപുരം റോഡ്, കണ്ണന്ത്രപ്പടി-കേളന്‍ കവല റോഡ് എന്നിവയെല്ലാം തകര്‍ന്ന സ്ഥിതിയില്‍ ആയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ അവസാന ഘട്ടത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ തുക മാറ്റിവയ്ക്കലും പദ്ധതിയുടെ അനുമതി നല്‍കലും നടന്നിരുന്നു.
എന്നാല്‍ പിന്നീട് റോഡുകള്‍ ഇതേ അവസ്ഥയില്‍ തന്നെ തുടരുകയാണ്.
ഏറെ നാളത്തെ ആവശ്യത്തിനു ശേഷം പഞ്ചായത്ത് റോഡ് പകുതിഭാഗം വരെ നന്നാക്കിയിരുന്നു. ചാലച്ചിറയില്‍ നിന്നും ഇളംങ്കാവ് ഭാഗത്തേയേക്ക് പോകുന്ന പഞ്ചായത്തിലെ പ്രധാന റോഡ് വലിയ കുഴികള്‍ നിറഞ്ഞു അപകടകരമായ നിലയിലാണ്. ഇവിടെ കലുങ്ക് സ്ഥാപിക്കാത്തത് മൂലം കല്ലുകടവിനും ചാലച്ചിറയ്ക്കും ഇടയില്‍ റോഡിനെ മുറിച്ചു വലിയ കുഴിയാണുള്ളത്.
പരിചിതരല്ലാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് ഇവിടെ പതിവാണ്. വേനല്‍മഴയില്‍ പോലും വെള്ളം കെട്ടിനിന്ന് കുറിച്ചി ഔട്ട് പോസ്റ്റ് -ശങ്കരപുരം റോഡ് തീര്‍ത്തും ഗതാഗതയോഗ്യമല്ലാതെയായി.ചാലച്ചിറ തോടിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് വലിയ അപകട ഭീഷണിയാണ് ഇവിടെ ഉണ്ടാക്കുന്നത്. ചാലച്ചിറ മുതല്‍ കല്ലുകടവ് വരെയുള്ള ഭാഗത്താണ് സംരക്ഷണഭിത്തി അടിയന്തിരമായി നിര്‍മ്മിക്കേണ്ടത്. എം.സി റോഡ് നവീകരണവും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണപവും ഇവിടങ്ങളില്‍ നടക്കുന്ന സാഹചര്യത്തില്‍ ധാരാളം വാഹനങ്ങള്‍ ഈ വഴിയെ ആശ്രയിക്കുന്നുണ്ട്.
നിരന്തരം നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കത്തതില്‍ നാട്ടുകാരുടെ ഇടയില്‍ കടുത്ത പ്രതിഷേധമാണുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."