മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പുമായി പൊന്നാനി നഗരസഭ
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തതിന് പിന്നാലെ പൊന്നാനി നഗരസഭ ലാപ്ടോപ്പും സൗജന്യമായി വിതരണം ചെയ്യുന്നു.
മത്സ്യത്തൊഴിലാളികളുടെ മക്കളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കാണ് നഗരസഭ സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്. മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പട്ടികജാതി വിഭാഗത്തിന് സമാനമായി ഉത്തരവിറക്കിയത് പൊന്നാനി നഗരസഭയുടെ ഇടപെടല്‍ മൂലമായിരുന്നു. ഇതേത്തുടര്‍ന്നാണ് പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൈക്കിളുകള്‍ മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും നല്കാന് നഗരസഭ തുനിഞ്ഞിറങ്ങിയത്.
ഇതേ പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ലാപ്ടോപ്പ് വിതരണത്തിന് നഗരസഭ മുന്‍കൈയെടുക്കുന്നതും .ഇതിന്റെ മുന്നോടിയായി മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സര്‍വേ എടുക്കും. ഇതിനു ശേഷം ഏപ്രില്‍ രണ്ടാം വാരത്തില്‍ തന്നെ ലാപ്ടോപ്പ് വിതരണം ചെയ്യും.
ലാപ്ടോപ്പിന് പുറമെ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് വീട് വെക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കും. ഫര്‍ണിച്ചറും സൗജന്യമായി നല്‍കും. ഇതിനു മുന്നോടിയായി സ്വന്തമായി വീടില്ലാത്ത മത്സ്യത്തൊഴിലാളികളുടെ കണക്കെടുക്കും. ഏപ്രില്‍ അവസാനത്തോടെ സ്ഥലം സൗജന്യമായി നല്‍കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നതായി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൊന്നാനി നഗരസഭയില്‍ ഉള്‍പ്പെട്ട ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 455 സൈക്കിളുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."