ചവറമുഴി പുഴക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു
കുറ്റ്യാടി: മരുതോങ്കര-ചക്കിട്ട പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചവറമുഴി പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായി ഈ ആവശ്യമുന്നയിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടികളൊന്നുമായില്ല.
പാലം യാഥാര്‍ഥ്യമാകുന്നതോടെ നാദാപുരം മണ്ഡലത്തിലെ കാവിലുംപാറ, മരുതോങ്കര, പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. വയനാട്ടില്‍ നിന്നു പക്രന്തളം ചുരം വഴി പേരാമ്പ്ര വഴി കോഴിക്കോട്ടേക്കുള്ള എളുപ്പമാര്‍ഗവും കൂടിയാവും ഇത്.
കുറ്റ്യാടി ടൗണിലെയും സംസ്ഥാനപാതയിലെയും ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനും പാലം വരുന്നതോടെ കഴിയും.
കക്കയം, പെരുവണ്ണാമുഴി, ജാനകിക്കാട് തുടങ്ങിയ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗവും ഇതുവഴി സാധ്യമാകും. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട മേഖലയിലുള്ള ജനങ്ങള്‍ രാത്രി കാലങ്ങളില്‍ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യമുള്ള പന്നിക്കോട്ടൂര്‍ വനമേഖലയിലൂടെയാണ് യാത്ര ചെയ്യുന്നത്. ചവറമുഴിയില്‍ പാലം വരുന്നതോടെ ചവറമുഴി, മുള്ളന്‍കുന്ന്, പന്തീരിക്കര വഴി ഇവിടെയുള്ളവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കും.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിനു വേണ്ടി ചവറമുഴി പുഴക്ക് കുറുകെ നിര്‍മിച്ച നീര്‍പ്പാലം നിലവിലുണ്ട്. ജലസേചനത്തിനുവേണ്ടി മാത്രം ഉപയോഗിക്കേണ്ട ഈ പാലം വഴിയാണ് ഇപ്പോള്‍ ഭാരം കയറ്റിയ വാഹനങ്ങളടക്കം കടന്നു പോകുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കിയിട്ടുണ്ട്. ചവറമുഴിയില്‍ പാലം നിര്‍മിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് റോഡ് വികസന സമിതി ഭാരവാഹികള്‍ ഇ.കെ വിജയന്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."