കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന്്് കുന്നിടിച്ച് മണ്ണെടുക്കുന്നത് ഹൈകോടതി നിരോധിച്ചു
ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് കുന്നിടിച്ച് മണ്ണെടുക്കുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പെടുത്തി കൊണ്ട് ഉത്തരവായി. മാസങ്ങളായി ജിയോളജി നല്‍കുന്ന പാസ് ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി മണ്ണെടുക്കുകയായിരുന്നു. കപ്പൂര്‍ പഞ്ചായത്തിലെ ഞാവലുംകാട് ഭാഗത്ത് നിന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി ഉണ്ടായിട്ടുളളത്. നേരത്തെ ഞാവലുകാട് ഭാഗത്ത് നിന്ന് മണ്ണെടുക്കുന്നതിന് മാര്‍ച്ച് 31 വരെ പെര്‍മിറ്റ് ജിയോളജിയില്‍ മണ്ണ് മാഫിയ കരസ്ഥമാക്കിയിരുന്നു. ഇതുപ്രകാരം വന്‍തോതില്‍ മലപ്പുറം ജില്ലയിലേക്ക് ബണ്ട് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് മണ്ണെടുത്തു പോയിരുന്നു.
അതിന് ശേഷം ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 31 വരെ പുതിയ പാസ് ജിയോളജി അനുവദിച്ചിരുന്നു ഇതു പ്രകാരം പതിനയ്യായിരം മെട്രിക്ക് ടണ്‍ മണ്ണെടുക്കുന്നതിനാണ് പുതിയ പാസ് നല്‍കിയത് എന്നാല്‍ വ്യാപകമായി രാത്രിയും പകലുമില്ലാതെ നടക്കുന്ന മണ്ണെടുപ്പ് നാട്ടുകാര്‍ തടങ്ങിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഈ പ്രതിഷേധം വകവെയ്ക്കാതെ ജിയോളജിസ്റ്റ് വീണ്ടും മെയ് 1 മുതല്‍ മെയ് 31 വരെ മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു എന്നാല്‍ ഇതിനിടയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരുടെ പേരില്‍ മണ്ണ് മാഫിയ ഹൈകോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു.
ഈ പ്രദേശത്തെ അബ്ധുള്‍# നാസര്‍ കാരൂത്ത്, മുസ്തഫ, ഹയ്യന്‍ എന്ന ബാവ,ഷാജു കരുവാരക്കുന്നത് അടക്കം അഞ്ച് പേരുടെ പേരിലാണ് മണ്ണ് മാഫിയ അന്യായം ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ അന്യായത്തിന്‍ മേലാണ് ഹൈക്കോടതി കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് മണ്ണ് ഖനനം ചെയ്യുന്നത് തടസപ്പെടുത്തി കൊണ്ടുള്ള വിധി പ്രസ്ഥാപിച്ചത്.ജിയോളജിസ്റ്റിനോട് അന്യായമായ ഖനനങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി പിഴയിടാക്കാനും ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. മണ്ണെടുക്കുന്നതിന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മണ്ണ് മാഫിയ നല്‍കിയ ആവശ്യം കോടതി തളളുകയും ആ പ്രദേശ നിവാസികളായ നാട്ടുകാര്‍ക്കാണ് പൊലിസ് സംരക്ഷണം നല്‍കേണ്ടതെന്നു കോടതി വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തു.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും മണ്ണെടുത്ത് നശിപ്പിച്ചിരുന്നു. ഭൂരിഭാഗം മണ്ണും കൊണ്ടുപോകുന്നത് മലപ്പുറം ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് മണ്ണെടുക്കുന്നതിന് പാസ് അനുവദിക്കുന്നത്. പാസ് നല്‍കി കഴിഞ്ഞാല്‍ ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡ് മണ്ണാണ് മാഫിയകള്‍ കടത്തുന്നത്. പാസില്‍ മണ്ണെടുക്കാനുള്ള സമയം, തീയതി എന്നിവ രേഖപ്പെടുത്തണമെന്നാണ്ചട്ടം. ഇത് രേഖപ്പെടുത്താതിരിക്കുന്നതാണ് കണക്കില്‍പ്പെടാത്ത മണ്ണ് കടത്തിക്കൊണ്ടുപോകുന്നതിന് സഹായകമാകുന്നത്. തീയതി ഉള്‍പ്പെടുത്താതെ മാസം മാത്രം രേഖപ്പെടുത്തി നല്‍കുമ്പോള്‍ ആ മാസം മുഴുവന്‍ ഒരേ പാസുപയോഗിച്ച് മണ്ണ് കടത്തുകയാണ്. ഇനി പിടിക്കപ്പെട്ടാലും പാസില്‍ ആ ദിവസത്തെ തിയതിയിട്ട് നല്‍കുകയാണ് ചെയ്യുന്നത്.
മണ്ണെടുക്കേണ്ട സമയം രേഖപ്പെടുത്താതെ നല്‍കുന്നതും ഇവര്‍ക്ക് സഹായകമാണ്. രാത്രി സമയം മുതല്‍ പുലര്‍ച്ചെ വരെ മണ്ണുകടത്തിക്കൊണ്ടുപോകുന്നതിന് ഇത് സഹായം ചെയ്യുന്നുണ്ട്.
മേഖലയില്‍ പലേടത്തും ചെറിയ കുന്നുകള്‍ ഒറ്റരാത്രികൊണ്ടാണ് ഇല്ലാതാവുന്നത്. പാടം നികത്തുന്നതിനും മറ്റുമായി കുന്നിടിക്കുന്നതും വ്യാപകമാണ്. മേഖലയില്‍ ഏക്കറുകണക്കിന് പാടങ്ങളും നികത്തിക്കഴിഞ്ഞിട്ടുണ്ട്. കൃഷിയിറക്കാത്ത പല പാടങ്ങളും നികത്തുകയായിരുന്നു.
ഇപ്പോള്‍ മണ്ണെടുക്കുന്നത് നിരോധിച്ച് കൊണ്ടുളള ഹൈകോടതി ഉത്തരവ് നാട്ടുകാര്‍ക്കും പരിസ്ഥിതി പ്രേമികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു.കപ്പൂര്‍ പഞ്ചായത്തിലെ മണ്ണെടുപ്പിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മറ്റ് പഞ്ചായത്തുകളും കോടതിയില്‍ നിന്ന് മണ്ണെടുപ്പ് നിരോധിച്ചു കൊണ്ടുളള അനുകൂല വിധി ലഭിക്കാനായി സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."