കെ.എസ്.ആര്.ടി.സി പരിഷ്കാരങ്ങള്‍ തൊഴിലാളി വിരുദ്ധമെന്ന്; തച്ചങ്കരിയും യൂനിയനുകളും കൊമ്പുകോര്‍ക്കുന്നു
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ എം.ഡി ടോമിന് ജെ.തച്ചങ്കരിയും തൊഴിലാളി യൂനിയനുകളും നേര്‍ക്കുനേര്‍.'സംരക്ഷിത തൊഴിലാളികള്‍'സംബന്ധിച്ച എം.ഡിയുടെ പരാമര്‍ശത്തിനു പിന്നാലെ കോര്പറേഷന് ആസ്ഥാന മന്ദിരമായ ട്രാന്‍സ്പോര്‍ട്ട് ഭവനിലെയും മറ്റ് യൂനിറ്റുകളിലെയും വര്‍ക്ക്ഷോപ്പുകളിലെയും യൂനിയനുകളുടെ പ്രതിഷേധ യോഗങ്ങള്‍ അടക്കമുള്ളവ നിരോധിച്ച് എം.ഡി ഉത്തരവിട്ടു. ഇതോടെ എം.ഡിയ്ക്കെതിരേ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് യൂനിയനുകളുടെ തീരുമാനം.
222 ജീവനക്കാര്‍'സംരക്ഷിത തൊഴിലാളികള്‍'എന്ന ആനുകൂല്യത്തില്‍ തുടരുന്നെന്നും ഇത്രയും പേര് തുടരുന്നത് ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്സ് ആക്ടിനു വിരുദ്ധമാണെന്നുമായിരുന്നു തച്ചങ്കരിയുടെ ആദ്യ പ്രകോപനം. കൂടാതെ കോര്പറേഷന് ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ സംരക്ഷണം നല്കിയതും നിയമ വിരുദ്ധമാണ്.1947ലെ നിയമപ്രകാരം സംരക്ഷണം നല്‍കേണ്ട തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച നിര്‍ദേശവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു.
അതിനെതിരേ സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ ഉത്തരവിറക്കി എം.ഡി യൂനിയനുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ഭവനിലെയും മറ്റ് യൂനിറ്റുകളിലെയും വര്‍ക്ക്ഷോപ്പുകളിലെയും കോമ്പൗണ്ടിനുള്ളില്‍ നിയമവിരുദ്ധ പ്രകടനം, മൈക്ക് ഉപയോഗിച്ച് സംഘം ചേരല്‍, ധര്‍ണ, എന്നിവ നടത്തുന്നത് ഓഫിസ് പ്രവര്‍ത്തനങ്ങളെയും സര്‍വിസ് പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നിരോധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
യോഗങ്ങളും മറ്റും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പറഞ്ഞിരിക്കുന്നു. ഉത്തരവ് പാലിക്കാത്ത യൂനിയനുകള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരവ് പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് യൂനിയനുകളുടെ നിലപാട്. യൂനിയന്‍ പവര്ത്തനം തന്നെ ഇല്ലാതാക്കാനാണ് എം.ഡിയുടെ ശ്രമം. എം.ഡിയെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കെ.എസ്.ആര്.ടി.സി. എംപ്ലോയിസ് അസോസിയേഷന് (സി.ഐ.ടി.യു.), ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട്(ടി.ഡി.എഫ്.) എന്നിവയുടെ തീരുമാനം. അതിന്റെ ഭാഗമായി ഇന്നലെ വിവിധ യൂനിറ്റുകളില്‍ യൂനിയനുകളുടെ സംയുക്ത പ്രതിഷേധ പരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."