അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോക്കാര്‍ക്കു വിസമ്മതം; ഓട്ടോ സ്റ്റാന്‍ഡ് മാറ്റി നാട്ടുകാര്‍
കൊളത്തൂര്‍: ഓട്ടോയിടിച്ചു അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കു സന്മനസുണ്ടായില്ല. ഇന്നലെ രാവിലെ പത്തോടെ കട്ടുപ്പാറ അങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പട്ടാമ്പി ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോയിടിച്ചു പരുക്കേറ്റ കട്ടുപ്പാറ സ്വദേശിയായ കോല്‍മണ്ണില്‍ കുഫിലി(45)നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വിസമ്മതിച്ചത്. തുടര്‍ന്നു ക്ഷുഭിതരായ നാട്ടുകാര്‍ കുഫിലിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം 30 ഓട്ടോകളുണ്ടായിരുന്ന സ്റ്റാന്‍ഡ് അവിടെനിന്നു മാറ്റിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ ഗ്ലാസില്‍ തലയിടിച്ചു റോഡിന്റെ സമീപത്തെ കല്ലില്‍ തലയിടിക്കുകയായിരുന്നു. പരുക്കേറ്റു റോഡില്‍ കിടന്ന നാട്ടുകാരനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വാഹനം കിട്ടാതെ ഏറെ നേരം അലഞ്ഞു.
സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍മാര്‍ പരുക്കേറ്റയാളെ ആശുപത്രിയിലാക്കാന്‍ കൂട്ടാക്കിയില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ നിരവധി തവണ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരെ നാട്ടുകാര്‍ സമീപിച്ചിട്ടും ആരും കൂട്ടാക്കിയില്ലെന്നാരോപിച്ചു കട്ടുപ്പാറ ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളെല്ലാം നാട്ടുകാര്‍ ചേര്‍ന്നു നീക്കം ചെയ്തു.
ഇനി മുതല്‍ ഈ പ്രദേശത്ത് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യരുതെന്നു കാണിച്ചു നാട്ടുകാര്‍ ഫ്‌ളക്‌സ് ബോര്‍ഡും ഇതിനോടകം സ്ഥാപിച്ചു. അതേസമയം ഓട്ടോറിക്ഷകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തു.
ഇനി ഓട്ടോകള്‍ക്ക് അങ്ങാടിയില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. 30 ഓട്ടോറിക്ഷകള്‍ ഉള്ള കട്ടുപ്പാറ ടൗണില്‍ അപകടം നടക്കുന്ന സമയത്ത് ഏതാനും ചില ഓട്ടോറിക്ഷകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുഫിലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."