നാല് ലോക്‌സഭാ സീറ്റുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരേ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുമെന്ന് കരുതുന്ന സംയുക്ത പ്രതിപക്ഷ മുന്നണിയുടെ പരീക്ഷണശാലയായ കൈരാന ഉള്‍പ്പെടെ നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്.
ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പത്തു നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നു വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പല്‍ഗാര്‍, ബണ്ഡാര ഗോണ്ടിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂര്‍ (കേരളം), നൂര്‍പൂര്‍ (ഉത്തര്‍പ്രദേശ്), ശാന്‍കോട്ട് (പഞ്ചാബ്), ജോകിഹട്ട് (ബിഹാര്‍), ഗോമിയ, സില്ലി (ജാര്‍ഖണ്ഡ്), പലുസ് കദീഗാവ് (മഹാരാഷ്ട്ര), അംബാത്തി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്ത്തല (ബംഗാള്‍) എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്നു പോളിങ് നടക്കുന്നത്. എല്ലായിടത്തും വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
നാലു ലോക്‌സഭാ മണ്ഡലവും എന്‍.ഡി.എയുടെ സിറ്റിങ് സീറ്റ് ആയതിനാല്‍ ബി.ജെ.പിക്ക് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ ഗോരഖ്പൂരിലും ഫൂല്‍പൂരിലും നേരിട്ട കനത്ത തിരിച്ചടിക്കുപിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി എം.പി ഹുക്കും സിങ്ങിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഹുക്കുംസിങ്ങിന്റെ മകള്‍ മരിഗംഗാ സിങ് ആണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ എം.പി ആര്‍.എല്‍.ഡിയുടെ തബസ്സും ഹസന്‍ ആണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ കക്ഷികള്‍ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പകരം ആര്‍.എല്‍.ഡിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, അസംഖാനടക്കമുള്ള എസ്.പി നേതാക്കള്‍ ഇവിടെ പ്രചാരണത്തിനെത്തിയില്ല. ആര്‍.എല്‍.ഡി അധ്യക്ഷന്‍ അജിത് സിങ്, മകന്‍ ജയന്ത് ചൗധരി എന്നിവരാണ് തബസ്സുമിന്റെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ അഭാവവും പ്രകടമായിരുന്നു. ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.
ജാട്ട് സമുദായക്കാരും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഈ മണ്ഡലത്തില്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. പ്രകോപനപരമായ പ്രസംഗത്തിന്റെപേരില്‍ കഴിഞ്ഞദിവസം ബി.ജെ.പി നേതാവിനെതിരേ പൊലിസ് കേസെടുത്തിരുന്നു. മുസഫര്‍നഗര്‍ കലാപം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥ് ഇവിടെ പ്രചാരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."