ജൂണ്‍ 5 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ 'ഹരിത'മാവും
കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.
ജൂണ്‍ അഞ്ചിന് മുമ്പ് എല്ലാ ഓഫിസുകളും ഹരിത ഓഫിസുകളായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലനം പൂര്‍ത്തിയായി. ഓഫിസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ ഓഫിസറെ നിയോഗിച്ച് ക്ലീനിങ് ഡ്രൈവ് നടത്തും. ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ശേഖരിച്ച് ലേലം ചെയ്യും. ഇ-വേസ്റ്റ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. സ്ഥല വിസ്തൃതിക്ക് അനുസരിച്ച് പൂന്തോട്ടം, പച്ചക്കറി കൃഷി എന്നിവ തുടങ്ങും. ഓഫിസ് ക്ലീന്‍ ചെയ്യാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാവുമെന്ന് യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഈമാസം 31ന് രാവിലെ എട്ടുമുതല്‍ 10 വരെ കലക്ടറേറ്റ് ശുചീകരിക്കും. ഇതിന്റെ നടത്തിപ്പിനായി നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. ശുചീകരണ യജ്ഞത്തില്‍ എല്ലാ സര്‍വിസ് സംഘടനകളും പങ്കാളികളവാണം. കല്‍പ്പറ്റ നഗരസഭയിലെ ഹരിതകര്‍മസേനയെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജൂണ്‍ അഞ്ചിനകം ഓഫിസുകള്‍ വൃത്തിയാക്കുന്നതിന് കൃത്യമായ പദ്ധതി തയാറാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ 86 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ പൂര്‍ത്തിയാവാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. 405 സ്മാര്‍ട്ട് ക്ലാസുകളില്‍ 319 എണ്ണം ഇതിനകം പൂര്‍ത്തിയായി. എ.ഡി.എം കെ എം രാജു, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഏലിയാമ നൈാന്‍ , ജനപ്രതിനിധികള്‍, വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഴക്കാല മുന്നൊരുക്കം തുടങ്ങും
മഴക്കാലത്തോട് അനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ തുടങ്ങാന്‍ വികസനസമിതി നിര്‍ദേശിച്ചു. മാറ്റിപ്പാര്‍പ്പിക്കേണ്ട കോളനികളുടെ ലിസ്റ്റ് ഉടന്‍ തയാറാക്കണം. സുല്‍ത്താന്‍ ബത്തേരി കാക്കത്തോട് കോളനിവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ജലസുരക്ഷ
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജലസുരക്ഷയ്ക്കു വേണ്ടി കൃഷിവകുപ്പ് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ അടങ്കലില്‍ പദ്ധതി തയാറാക്കിയിരുന്നു. ഇതുവഴി ചണ്ണോത്തുകൊല്ലി പാടശേഖരത്തിലെ നെല്‍കൃഷിക്ക് ജലമെത്തിക്കുന്നുണ്ടെന്ന് ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു ദാസ് യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ 2.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടു ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ചണ്ണോത്തുകൊല്ലി പാടശേഖരത്തില്‍ ആറുമീറ്റര്‍ വ്യാസമുള്ള കോണ്‍ക്രീറ്റ് കിണര്‍ നിര്‍മിച്ചു. ഈ കിണറിനെയും കന്നാരംപുഴയെയും സ്രോതസാക്കി 20, 10, 12.5 എച്ച്.പി ശേഷിയുള്ള മൂന്നു പമ്പ് സെറ്റുകള്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റ, ആലൂര്‍കുന്ന്, വേലിയമ്പം എന്നിവിടങ്ങളില്‍ രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 10 ടാങ്കുകളും നാലു ചെക്ഡാമുകളെ സ്രോതസാക്കി 20, 25, 30 എച്ച്.പി ശേഷികളിലുള്ള മൂന്നു പമ്പ്‌സെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ 156 ഏക്കര്‍ വയലിലെ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കുമായി ഇതുപയോഗിക്കുന്നു. അടുത്തമാസം തന്നെ ഇവ പാടശേഖരസമിതിക്ക് കൈമാറും. പമ്പ് സെറ്റുകള്‍ക്കാവശ്യമായ വൈദ്യുതി ചാര്‍ജ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി കൃഷിഭവനുകളിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മണ്ണുസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ലൈഫ് മിഷനില്‍ 4,357 വീടുകള്‍ പൂര്‍ത്തിയായി
ലൈഫ് മിഷനിലുള്‍പ്പെടുത്തി ജില്ലയില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച 4,357 വീടുകള്‍ പൂര്‍ത്തീകരിച്ചു. പട്ടികവര്‍ഗവികസന വകുപ്പ് 1,474, മുനിസിപ്പാലിറ്റികള്‍ 142, ജില്ലാ പഞ്ചായത്ത് 9, മൈനോരിറ്റി വെല്‍ഫെയര്‍വകുപ്പ് 6, പട്ടികജാതി വികസന വകുപ്പ് 30, പഞ്ചായത്തുകള്‍ 991, ബ്ലോക്ക് പഞ്ചായത്തുകള്‍ 1,705 എന്നിങ്ങനെയാണ് പൂര്‍ത്തീകരിച്ച വീടിന്റെ കണക്ക്.
ടൂറിസം വികസനം
മുനീശ്വരന്‍കോവില്‍ ഭൂവിനിയോഗ അനുമതി ലഭിക്കുകയാണെങ്കില്‍ ടൂറിസം വികസന പ്രവൃത്തികള്‍ ആരംഭിക്കുമെന്നു ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. കുറുമ്പാലക്കോട്ടയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തനം തുടങ്ങും. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് അഡീഷനല്‍ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്നും ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
വനഗ്രാമങ്ങളില്‍
വൈദ്യുതീകരണം
സ്വയംസന്നദ്ധ പുനരധിവാസ മേഖലകളായ നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട, പാമ്പന്‍കൊല്ലി എന്നിവിടങ്ങളില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിച്ച് കണക്ഷന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
വന്യമൃഗശല്യം
തടയുന്നതിന്
സമഗ്ര പദ്ധതി
ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് തയാറാക്കിയ സമഗ്ര പദ്ധതിയുടെ രൂപരേഖ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു.
വണ്‍സ്റ്റോപ് സെന്റര്‍ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കത്ത വിധത്തില്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. കാരാപ്പുഴ പുനരധിവാസ പുരോഗതി, എല്ലാ പഞ്ചായത്തുകളിലും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ശ്മശാനം, നൂല്‍പ്പുഴ ഭവനനിര്‍മാണ സൊസൈറ്റിക്ക് സഹായം എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."