വടക്കാഞ്ചേരി പട്ടണത്തിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ ബൃഹദ് പദ്ധതി
വടക്കാഞ്ചേരി: സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി നഗരഹൃദയത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ബൃഹദ് പദ്ധതി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന വ്യതിചലന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിനു മുന്നോടിയായി ജില്ലാ റെസ്റ്റ് ഹൗസില്‍ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു.
അനില്‍ അക്കര എം.എല്‍.എ, ഡോ. പി.കെ ബിജു എം.പി, നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍ കെ. അജിത്കുമാര്‍, തലപ്പിള്ളി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി രാജന്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു പരമേശ് യോഗത്തില്‍ പങ്കെടുത്തു.
നാറ്റ്പാക് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് ടൗണ്‍ പ്ലാനിങ് അസോസിയേറ്റ് പ്ലാനര്‍ ബിജിത്ത്, സര്‍വേയര്‍ പ്രദീപ് എന്നിവര്‍ അവതരിപ്പിച്ചു. വടക്കാഞ്ചേരി റെയില്‍വേ ലൈനിന് സമാന്തരമായി പത്താംകല്ല് മുസ്്‌ലിം പള്ളി പരിസരത്തുനിന്ന് ആരംഭിച്ച് ഭരതന്‍ റോഡിലൂടെ അകമല അമ്പലത്തിന് സമീപം ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ച് സംസ്ഥാന പാതയിലേക്കു പ്രവേശിയ്ക്കുന്ന വിധത്തിലാണു ക്രമീകരണം. റെയില്‍വേ, വനഭൂമികള്‍ ഒഴിവാക്കിയാകും നിര്‍മാണം. 30ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിദഗ്ദസംഘം പ്രദേശം സന്ദര്‍ശിക്കും.
ഭാവി വികസനം ലക്ഷ്യമിട്ടു കുറാഞ്ചേരി വ്യാസ, കുമ്പളങ്ങാട് കാഞ്ഞിരക്കോട്, ഒന്നാംകല്ല് പരുത്തിപ്ര എന്നിയിടങ്ങളിലെ വ്യതിചലന റോഡിനെ കുറിച്ചും മാരാത്ത്കുന്ന് റോഡിന് വികസനവും പാര്‍ളിക്കാട് വടക്കാഞ്ചേരി പാരലല്‍ റോഡ് വികസനത്തെ കുറിച്ചും പഠനം നടത്തും. വടക്കാഞ്ചേരി വ്യതിചലന റോഡിന് അഞ്ചര കിലോമീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉണ്ടാകും.
ഡിസൈന്‍ സര്‍വേ ഒരു മാസത്തിനകം പൊതുമരാമത്ത് നിരത്ത് വിഭാഗം പൂര്‍ത്തിയാക്കും. റോഡ് യാഥാര്‍ഥ്യമാകുമ്പോള്‍ നഗരസഭയോട് തൊട്ടു കിടക്കുന്ന തെക്കുംകര പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിനും വഴിവയ്ക്കും. പുന്നംപറമ്പ് ജങ്ഷന്റെ വികസനവും യാഥാര്‍ഥ്യമാകുമെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. പീച്ചി വാഴാനി കോറിഡോറിലൂടെ ടൂറിസ വികസന മുന്നേറ്റവും ഉറപ്പാക്കും. ഷൊര്‍ണൂര്‍-മണ്ണുത്തി ബൈപാസ് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഷൊര്‍ണൂരില്‍ നിന്ന് എറണാംകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ദൂരം ലാഭിയ്ക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."