കല്യാണി വന്നു; ബോംബുമായി യുവതി പിടിയില്‍
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പില്‍ ബോംബ് ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന യുവതി പൊലിസ് പിടിയില്‍. പൊലിസിനെ കണ്ടു ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ച യുവതിയെ കല്യാണി എന്ന പൊലിസ് നായയാണ് ട്രാക്ക് ചെയ്തു പിടിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന പൊലിസിന്റെ പവലിയനിലാണ് ഈ ഉദ്യോഗജനകമായ രംഗം അരങ്ങേറിയത്. പ്രദര്‍ശന വേദിയില്‍ പൊലിസ് സേനയിലെ നായ്ക്കുട്ടികളുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയിലായിരുന്നു സംഭവം. കാഴ്ചക്കാരില്‍ നിന്ന് തന്നെ ആളുകളെ തിരെഞ്ഞെടുത്തായിരുന്നു നായ്ക്കുട്ടികളുടെ കുറ്റാന്വേഷണ മികവ് പ്രദര്‍ശിപ്പിച്ചത്. കാഴ്ചക്കാരിയായി വന്ന യുവതിയുടെ ഷൂസിനുള്ളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ബോംബു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു പുരട്ടിയ ഫ്യൂസ് വയര്‍ ഒളിപ്പിച്ചു വച്ചു.
തുടര്‍ന്ന് യുവതി ഷൂസ് ധരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ കയറി നിന്നു. അപ്പോഴാണ് 'കല്യാണി' എന്നു പേരുള്ള ലബ്രെഡോര് ഇനത്തില്‍പ്പെട്ട നാല് വയസുള്ള നായക്കുട്ടി മണംപിടിച്ച് യുവതിയുടെ ഷൂസിനടുത്തു വന്നു യുവതിയെ മുന്നോട്ടുപോകാന്‍ അനുവദിക്കാതെ വളഞ്ഞു നിന്നു കുരച്ചു. തുടര്‍ന്ന് പൊലിസ് എത്തി ഇവരുടെ പക്കല്‍ നിന്നും ഫ്യൂസ് വയര്‍ കണ്ടെടുത്തു. കല്യാണിയെ കൂടാതെ ലബ്രെഡോര് ഇനത്തില്‍പ്പെട്ട അന്നയും, ജൂലിയും ഡോബര്മാന് ഇനത്തില്‍പ്പെട്ട കാര്‍ത്തുവും നഷ്ട്ടപ്പെട്ട സാധനങ്ങള്‍ മണത്തറിഞ്ഞു ഉടമക്ക് കൈമാറുന്നതും, തീവളയത്തിലൂടെ ചാടുന്നതുമെല്ലാം ആളുകള്‍ കൗതുകത്തോടെ കണ്ടുനിന്നു. തിരുവനന്തപുരം സിറ്റി പൊലിസും റൂറല്‍ പൊലിസും ചേര്‍ന്നാണ് നായ്കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്.
പ്രദര്‍ശനം 30 നു സമാപിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."