മലയോര മേഖലയില്‍ പകര്‍ച്ചവ്യാധി ഭീഷണി
കാഞ്ഞിരപ്പള്ളി: ഇടവേളയിലെ വേനല്‍മഴയ്ക്കു ശേഷം വേനല്‍ വീണ്ടും ശക്തമായതോടെ താലൂക്കിന്റെ വിവിധ മേഖലകളില്‍ രോഗങ്ങള്‍ വ്യാപിക്കുമെന്ന ആശങ്ക ഉയരുന്നു.
വേനല്‍മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുകളാണ് പ്രധാനമായും രോഗസാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. താലൂക്കിലെ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, എലിക്കുളം, കോരൂത്തോട്, മണിമല എന്നീ മേഖലകളിലെ ചെറുതും വലുതുമായ റബര്‍ എസ്റ്റേറ്റുകള്‍, നീരൊഴുക്ക് നിലച്ച ജലാശയങ്ങള്‍, മലിനജലം കെട്ടിക്കിടക്കുന്ന ഓടകള്‍, മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊതുകുകളുടെ പ്രജന കേന്ദ്രങ്ങളാണ്.
പ്രധാനമായും ഈഡീസ് ഇനത്തില്‍പ്പെടുന്ന കൊതുകുകളാണ് ഡങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍ പടരുവാന്‍ ഇട വരുത്തുന്നതും.
ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ മന്ദീഭാവം രോഗവ്യാപനത്തിന് ആക്കം കൂട്ടിയേക്കാമെന്ന അഭിപ്രായം മേഖലയില്‍ ശക്തമാണ്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."