നിയന്ത്രണ ഉത്തരവ് കാറ്റില്‍പ്പറത്തി കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം
തൊടുപുഴ: ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമാവുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് അപകടകരമായി താഴുന്നത് കണക്കിലെടുത്തു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലടക്കം കുഴല്‍ക്കിണര്‍ നിര്‍മാണം തകൃതിയായത്. കഴിഞ്ഞ ദിവസം അനധികൃത കുഴല്‍ കിണര്‍ നിര്‍മാണം കണ്ടെത്തി പിഴയീടാക്കിയിരുന്നു.
മേയ് അവസാനം വരെ നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. കടുത്ത വേനലാണ് വരാന്‍ പോകുതെന്നിരിക്കെ, നിയമവിരുദ്ധമായ കുഴല്‍ക്കിണര്‍ നിര്‍മാണം ഭൂഗര്‍ഭജലവിതാനത്തില്‍ വന്‍ കുറവുണ്ടാക്കുമെന്നുറപ്പാണ്. കുഴല്‍ക്കിണര്‍ നിര്‍മാണം പൂര്‍ണമായും നിരോധിക്കുമെന്നുള്ള വ്യാജ പ്രചാരണം നടത്തിയാണ് ഇതരസംസ്ഥാന കുഴല്‍ക്കിണര്‍ നിര്‍മാണ ലോബികള്‍ ജില്ലയിലെത്തി തമ്പടിച്ചിരിക്കുന്നത്. ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാട്ടുകാരുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണമെന്ന് ആരോപണമുണ്ട്. ജലക്ഷാമം നേരിടുന്നില്ലാത്തവര്‍ പോലും ഭാവിയിലേക്ക് കുഴല്‍ക്കിണര്‍ നിര്‍മിക്കുകയാണ്. ഒന്നിലധികം കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നവരുമുണ്ട്. കൂടുതല്‍ സങ്കേതിക വിദ്യകളോടു കൂടിയ വലിയ ലോറികളാണ് നിര്‍മാണത്തിനായി ഇപ്പോള്‍ എത്തുന്നത്. രാത്രികാലങ്ങളിലാണ് കിണര്‍ നിര്‍മാണം കൂടുതലും നടക്കുന്നത്.
കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനായി ജലവിഭവ വകുപ്പില്‍ അപേക്ഷ നല്‍കിയതിനു ശേഷം വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് സ്ഥാനം നിര്‍ണയിച്ചു നല്‍കണമെന്നാണ് കലക്ടറുടെ ഉത്തരവ്.
എന്നാല്‍ ജലക്ഷാമത്തെ സംബന്ധിച്ചുള്ള പ്രശ്‌നമായതിനാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നതായി ആരോപണമുയരുന്നു. 500 മുതല്‍ 1200 അടി വരെ താഴ്ചയുള്ള കുഴല്‍ക്കിണറുകളാണു ജില്ലയില്‍ നിര്‍മിക്കുന്നത്. ക്രമാതീതമായി കുഴല്‍ക്കിണറുകള്‍ പെരുകുന്നത് കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴാന്‍ കാരണമാവുന്നു. വരള്‍ച്ച അതിരൂക്ഷമായതോടെ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്.വ്യാപകമായ കുഴല്‍കിണര്‍ നിര്‍മ്മാണം ഇടുക്കി ജില്ലയില്‍ ഗുരുതരമായ ഭൂഗര്‍ഭജലക്ഷാമം സൃഷ്ടിച്ചിരിക്കുകയാണെന്ന് പഠനറിപ്പോര്‍ട്ട് നിലവിലുണ്ട്. കേന്ദ്ര ഭൂഗര്‍ഭ ജലഅതോറിറ്റിയും ഭൂജലവകുപ്പും നടത്തിയ പഠനത്തില്‍ ഇടുക്കിയിലെ ഭൂഗര്‍ഭജലവിതാനം എട്ട് മീറ്ററിലധികം താഴേക്ക് പോയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏലത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ച് മേഖലയില്‍ 500 മീറ്ററിലധികം താഴ്ച്ചയുള്ള അനധികൃത കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചതാണ് ഭൂഗര്‍ഭജലക്ഷാമത്തിന് കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."