സമ്പൂര്‍ണ ഭവന പദ്ധതിയുമായി മൂവാറ്റുപുഴ
മൂവാറ്റുപുഴ: സമ്പൂര്‍ണ്ണ ഭവന പദ്ധതിയക്ക് മുന്‍തൂക്കം നല്‍കി മൂവാറ്റുപുഴ നഗരസഭയുടെ 2017, 18 സാമ്പത്തീക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അവതരിപ്പിച്ചു. 34.49,75,283രൂപ വരവും 33.31,37,320രൂപ ചെലവും 1,18,37,963രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരത്തിലെ മുഴുവന്‍ പേര്‍ക്കും വീട് നിര്‍മിച്ച് നല്‍കുന്നതിനാണ് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കുന്നത്. സ്വന്തമായി രണ്ട് സെന്റ് സ്ഥലമെങ്കിലുമുള്ള ഭവന രഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപ ധനസഹായവും മൂന്ന് ലക്ഷം രൂപയുടെ വായ്പയും ലഭ്യമാക്കും.
സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കായി ഫ്‌ളാറ്റ് പദ്ധതിയും നടപ്പാക്കും. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 10ലക്ഷം രൂപ വകയിരുത്തി. മാലിന്യമുക്തനഗരം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കും. പുഴ മലിനീകരണം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
നഗരത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കും. ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും കുളങ്ങള്‍, തോടുകള്‍, കിണറുകള്‍ എന്നിവിടങ്ങളിലെ നീരുറവകള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."