കാമരാജ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കാമരാജ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. പാറശാലയില്‍ അമ്മയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ഡോക്ടറെ സസ്പെന്റ് ചെയ്യുക, പൊലിസ് കസ്റ്റഡിയില്‍ മരണമടഞ്ഞ ശ്രീജീവിന്റെ കുടുംബത്തിനു നീതി നടപ്പാക്കുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക, കേരളത്തിലെ ഭൂസമരങ്ങള്‍ ഭൂമി നല്കി ഒത്തുതീര്‍പ്പാക്കുക, വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുക, ഉദ്യോഗസ്ഥ സംവരണവും വിദ്യാഭ്യാസ സംവരണവും കാലോചിതമായി പരിഷ്ക്കരിക്കുക, കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹരിതപാത പദ്ധതി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കേരള കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്, വാണിക-വൈശ്യ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് കുട്ടപ്പന് ചെട്ടിയാര്‍, മണ്‍പാത്ര നിര്‍മാണസഭ പ്രസിഡന്റ് സുബാഷ് ബോസ്, ലത്തീന്‍ കത്തോലിക്കാ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ജെയിംസ് ഫെര്‍ണാണ്ടസ്, ആറയൂര്‍ ചെല്ലപ്പന്, നെല്ലിമൂട് ശ്രീധരന്, റവ. ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."