മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുമോടി; സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 10 കോടി ധനസഹായം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായം. 10 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്.
ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി മള്‍ട്ടി പര്‍പ്പസ് ഗ്രൗണ്ട്, 100, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വോളിബോള്‍, ബാഡ്മിന്റന്‍, ബാസ്‌ക്കറ്റ് ബോള്‍, സിന്തറ്റിക്ക് കോര്‍ട്ടുകള്‍, മള്‍ട്ടി ജിം, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ഗ്യാലറി, പ്ലേപാര്‍ക്ക്, സാന്റ്‌കോര്‍ട്ട്, ചെസ്ഹാള്‍, ടേബിള്‍ ടെന്നീസ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രാമീണ മേഖലയിലെ മികച്ച കായിക പരിശീലന കേന്ദ്രമായി മാറും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി സംസ്ഥാനത്തെ എറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമീണ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവ കൂടാതെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മുന്‍ എം.എല്‍. എ.കെ കുഞ്ഞമ്മദിന്റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 15 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടത്തിന്റെ പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കൂടാതെ കിഫ്ബിയില്‍ നിന്ന് ലഭിച്ച അഞ്ച്‌കോടി രൂപ ഉപയോഗിച്ച് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വികസന സമിതിയുടെയും പി.ടി.എയുടെയും പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും നേതൃത്വത്തില്‍ വിപുലമായപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനും സ്‌കൂള്‍ വികസനസമിതി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമനുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌പോര്‍ട്‌സ് മേഖലയില്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മേപ്പയ്യൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."