നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ രണ്ടു താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കും
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാരെ കൂടി താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അറിയിച്ചു. 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇതോടെ ഡോക്ടര്‍മാരുടെ എണ്ണം 16 ആകും. ഒ.പിയില്‍ ആറു ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. പനി രോഗികളുടെ എണ്ണം കൂടിയതോടെ നിലവിലുള്ള ഡോക്ടര്‍മാരുടെ എണ്ണം മതിയാകാത്ത സ്ഥിതിയാണ്. ദിവസവും ഇവിടെ ശരാശരി 500 രോഗികള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. ജൂണ്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് ഒരു ലാബ് അസിസ്റ്റന്റിനെയും ഫാര്‍മസിസ്റ്റിനേയും താല്‍ക്കാലികമായി നിയമിക്കാനും ലാബിന്റെ പ്രവര്‍ത്തനം വൈകീട്ട് ആറു വരെയും ഫാര്‍മസിയുടെ പ്രവര്‍ത്തനം രാത്രി പത്തു വരെയും ദീര്‍ഘിപ്പിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു.
എം.എല്‍.എ എം. രാജഗോപാലന്റെയും നഗരസഭയുടെയും അഭ്യര്‍ഥന പ്രകാരം താലൂക്ക് ആശുപത്രിക്ക് പുതുതായി അനുവദിച്ച വാഹനം ഒരാഴ്ചക്കകം എത്തും. കൂടാതെ തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ളതിനു പുറമേ പുതുതായി ഒരു ഡോക്ടറെ കൂടി താല്‍ക്കാലികമായി നിയമിക്കാനും തീരുമാനമായി. ഇതു വഴി ഒ.പി സമയം വൈകീട്ട് അഞ്ചു വരെ ദീര്‍ഘിപ്പിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ഇതിനു പുറമേ കൊതുകു സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ സഹകരണത്തോടെ ഫോഗിങ്ങ് നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."