ജില്ലയിലെ വൈദ്യുതി മേഖലയില്‍ 31 കോടി രൂപയുടെ കേന്ദ്ര പദ്ധതി
കല്‍പ്പറ്റ: ജില്ലയില്‍ വൈദ്യുതി മേഖലയുടെ വികസനത്തിനായി 31 കോടി രൂപയുടെ കേന്ദ്ര പദ്ധതി നടപ്പിലാക്കുമെന്ന് എം.ഐ ഷാനവാസ് എം.പി അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.41 കോടി രൂപയും ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്‌മെന്റ് പദ്ധതി പ്രകാരം 12.66 കോടി രൂപയുമാണ് അനുവദിച്ചത്.
എം.ഐ ഷാനവാസ് എം.പി ദത്തെടുത്ത ഗ്രാമമായ കണിയാമ്പറ്റ പഞ്ചായത്തില്‍ ഭൂഗര്‍ഭ കേബിള്‍ ലൈന്‍ ഉള്‍പ്പെടെ പുതിയ വൈദ്യുതലൈനുകള്‍ വലിക്കുന്നതിന് 1.25 കോടി രൂപയാണ് വകയിരുത്തിയത്. ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഭൂഗര്‍ഭ വൈദ്യുതിവിതരണം നടത്തുന്നതിന് ഇത് ഉപകരിക്കും. ജില്ലയിലെ 46000 മെക്കാനിക്കല്‍ വൈദ്യുത മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും കേടായവ നന്നാക്കുന്നതിനും 12 കോടി രൂപ അനുവദിച്ചു. ആദിവാസികുടുംബങ്ങള്‍ ഏറെയുള്ള നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍, കാപ്പാട്, കുണ്ടൂര്‍ മേഖലകളില്‍ 11 കെ.വി ഹൈലി ഇന്‍സുലേറ്റഡ് കേബിള്‍ സ്ഥാപിക്കുന്നതിന് 1.36 കോടി രൂപ വിനിയോഗിക്കും.
വന്യമൃഗങ്ങള്‍ക്കോ കാടിനോ ഹാനിയില്ലാതെ വനഗ്രാമങ്ങളില്‍ ഈ പദ്ധതികൊണ്ട് വൈദ്യുതി എത്തും. പുനരധിവാസത്തിനെ ബാധിക്കുമെന്നറിയിച്ച് ഈ ഗ്രാമങ്ങളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് മുമ്പ് വനംവകുപ്പ് തടസ്സം നിന്നിരുന്നു. ഇന്‍സുലേറ്റഡ് കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നതിനാല്‍ ഇവിടുത്തെ നിരവധി കുടംുബങ്ങള്‍ക്ക് ഇരുട്ടില്‍ നിന്നും മോചനം ലഭിക്കും. ജില്ലയിലെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വൈദ്യുതി ലൈന്‍ വലിക്കുന്നതിനായും കേന്ദ്ര പദ്ധതിയില്‍ നിന്നുമുള്ള തുക വിനിയോഗിക്കും. ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്പ്‌മെന്റ് പദ്ധതിയില്‍ അനുവദിച്ച 12.66 കോടി രൂപയില്‍ കല്‍പ്പറ്റ നഗരപരിധിയില്‍ 20 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയുള്ള വൈദ്യുതി വിതരണം യാഥാര്‍ഥ്യമാകും. നഗരത്തിലെ വൈദ്യുത തൂണുകള്‍ ഒഴിവാകുന്നതോടുകൂടി ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും.
നഗരസഭയ്ക്ക് കീഴില്‍ വരുന്ന 124 ഓളം സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിങ്ങ് സിസ്റ്റം നടപ്പിലാക്കും. 18 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ 11 കെ.വി ലൈന്‍ വലിക്കുന്നതിനും തുക വകയിരുത്തിയതായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തില്‍ എം.ഐ ഷാനവാസ് എം.പി അറിയിച്ചു. എ.ഡി.എം കെ.ഇ രാജു, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ സി, സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സാബു വി.വി, സര്‍ക്കിള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ജെ ചന്ദ്രദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."