നിപാ: ഉറവിടം അജ്ഞാതം; ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകം
കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ആരോഗ്യവകുപ്പിന് ഇനിയുള്ള ഓരോ ദിവസവും നിര്‍ണായകം.
നിപായെ തുടച്ചുനീക്കാന്‍ 13 ദിവസത്തെ കാലപരിധിയാണ് ആരോഗ്യവകുപ്പ് വച്ചിരുന്നതെങ്കിലും രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗവാഹകരെ കണ്ടെത്തി നിരീക്ഷണത്തിലും ചികിത്സയിലും വച്ചുകൊണ്ട് മാത്രമുള്ള പ്രതിരോധം ഓരോ ദിവസവും ആശങ്കക്കിടയാക്കുകയാണ്. ജൂണ്‍ 10നകം നിപായെ തുടച്ചുനീക്കുമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും ഈ ദിവസത്തിനുള്ളില്‍ ആര്‍ക്കെങ്കിലും നിപാ വൈറസ് ബാധയേറ്റാല്‍ ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടലുകള്‍ വീണ്ടും പിഴയ്ക്കും.
പുതുതായി ആര്‍ക്കും വൈറസ് ബാധ ഏറ്റിട്ടില്ലെങ്കില്‍ നിപായെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ജൂണ്‍ 10ന് ആരോഗ്യവകുപ്പിന് നടത്താനാകും. എന്നാല്‍, ഇക്കഴിഞ്ഞ 27ന് പുതുതായി ഒരാള്‍ക്കുകൂടി നിപാ സ്ഥിരീകരിച്ചു. ഇനി ഈ വ്യക്തിയുമായി അടുത്തിടപഴകിയ ആര്‍ക്കെങ്കിലും നിപാ വൈറസ് ബാധയേറ്റാല്‍ വീണ്ടും ദിവസങ്ങള്‍നീളും വൈറസ് ബാധയെ തുടച്ചുനീക്കാന്‍.
വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനമെങ്കിലും അത് സ്ഥിരീകരിക്കാന്‍ കഴിയാതിരിക്കുന്നത് പ്രതിരോധത്തെ ബാധിക്കുന്നുണ്ട്.
നിപാ മരണനിരക്ക് ലോകത്ത് ശരാശരി 75 ശതമാനം വരെയാണെങ്കില്‍ സംസ്ഥാനത്ത് ഇത് 83 ശതമാനമാണ്. രോഗം സ്ഥിരീകരിച്ച 17 പേരില്‍ 14 പേരും മരിച്ചു. ഏഴുപേരാണ് രോഗലക്ഷണങ്ങളോടെ ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍, കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനും മരണസംഖ്യ കുറയ്ക്കാനും കഴിഞ്ഞതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ പരിശോധിക്കുമ്പോള്‍ 83 ശതമാനവും നെഗറ്റീവ് ആകുന്നതും ആശ്വാസത്തിന് വകനല്‍കുന്നുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."