കൊലപാതകം വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായത്തോടെ: ഉമ്മന്‍ചാണ്ടി
കോട്ടയം: കെവിന്റേത് കരുതിക്കൂട്ടി പല കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായത്തോടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു പൊലിസിന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍ പല ശക്തികളും ഇടപെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്. പൊലിസിന് അച്ചടക്കം നഷ്ടപ്പെട്ടുവെന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പിണറായിക്ക് പറ്റിയ പണിയല്ല ആഭ്യന്തരം: ചെന്നിത്തല
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ പണിയല്ല ആഭ്യന്തര വകുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പൊലിസ് പൂര്‍ണമായും നിഷ്ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നിന് പിറകെ ഒന്നായി കൊലപാതകങ്ങളും ക്വട്ടേഷന്‍ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതീവ ഗുരുതരവും കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുമുള്ള കൊലപാതകമാണ് കെവിന് പി. ജോസഫിന്റേത്. കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര വീഴ്ച: മാണി
കോട്ടയം: കെവിനെ ജീവനോടെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്മാന് കെ.എം മാണി. പൊലിസ് ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു.
കസ്റ്റഡി മരണവും അലംഭാവവും നിത്യസംഭവമായ പശ്ചാത്തലത്തില്‍ പൊലിസ് സേനക്ക് സമഗ്രചികിത്സ ആവശ്യമാണെന്നും മാണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."