ലാവ്ലിന്‍: ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.ബി.ഐ
കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതില്‍ പ്രതികളുടെ പങ്കാളിത്തം തെളിയിക്കാന്‍ വിചാരണ അനിവാര്യമാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരേ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് സി.ബി.ഐ ഈ വാദം ഉന്നയിച്ചത്.
സാക്ഷിമൊഴികളോ കണ്ടെത്തലുകളോ കണക്കിലെടുക്കാതെയാണ് സി.ബി.ഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും ഇടപാടില്‍ പലഘട്ടങ്ങളിലായി നടന്ന ഗൂഢാലോചനക്ക് തെളിവുണ്ടെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നിലനില്‍ക്കുന്നതല്ല. കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെയാണ് നടപടിയെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ എതിര്‍ കക്ഷികളായ പ്രതികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അന്തിമ വാദത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐയുടെ വാദം പൂര്‍ത്തിയായതോടെ എതിര്‍ കക്ഷികളുടെ വാദം തുടങ്ങി. വാദം ഇന്നും തുടരും.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി നേരത്തെ സുപ്രിം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായി വാദിച്ചിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍, ഈ കേസില്‍ പിണറായി വിജയനടക്കമുള്ളവരെ 2013 നവംബറില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."