ഇറ്റലിയില്‍ ഭരണ പ്രതിസന്ധി; ഐ.എം.എഫ് മുന്‍ ഉദ്യോഗസ്ഥന്‍ കാര്‍ലോ കൊട്ടാറെല്ലിയെ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ല സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ചു
റോം: ഇറ്റലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട്(ഐ.എം.എഫ്) മുന്‍ ജീവനക്കാരന്‍ കാര്‍ലോ കൊട്ടാറെല്ലിയെ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ല സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ചു. രാജ്യത്തെ രണ്ട് പ്രധാന പോപുലിസ്റ്റ് പാര്‍ട്ടികളായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റും(എം5എസ്) തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലീഗും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത ഇടപെടല്‍.
വലതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച മന്ത്രിസഭയെ യൂറോപ്യന്‍ യൂനിയന്‍ അനുകൂലി കൂടിയായ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ല തള്ളിക്കളഞ്ഞതോടെയാണ് രാജ്യത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധനായ പൗലോ സവോനയെ എം5എസും ലീഗും ചേര്‍ന്ന് ധനകാര്യ മന്ത്രിയായി നിര്‍ദേശിച്ചത്. ഇത് പ്രസിഡന്റ് അംഗീകരിച്ചില്ല. ഇതോടെ വലതുപക്ഷ കക്ഷി നേതാവായ ഗ്യൂസെപ്പെ കോന്റെ പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. ഇതിനു പിറകെയാണ് ധനകാര്യ വിദഗ്ധനും സ്വതന്ത്ര എം.പിയുമായ കാര്‍ലോ കൊട്ടാറെല്ലിയെ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് ക്ഷണിച്ചത്.
അതേസമയം, പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഉടന്‍ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കൊട്ടാറെല്ലിക്കു വിജയിക്കാനാകില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കൊട്ടാറെല്ലി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷമോ2019 ആദ്യത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
മാര്‍ച്ച് നാലിനു നടന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ പോപുലിസ്റ്റ് പാര്‍ട്ടികള്‍ ഞെട്ടിപ്പിക്കുന്ന മുന്നേറ്റം കാഴ്ചവച്ചിരുന്നു.
630 അംഗ പാര്‍ലമെന്റില്‍ എം5എസ് പാര്‍ട്ടി 133 സീറ്റാണു സ്വന്തമാക്കിയത്. ലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി 151 സീറ്റും നേടി. എന്നാല്‍ രാജ്യത്ത് ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.
പുതിയ നീക്കത്തിനു പിറകില്‍ ജര്‍മനിയും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും ചരടുവലിച്ചതായാണ് പോപുലിസ്റ്റ് രാഷ്ട്രീയവൃത്തങ്ങള്‍ ആരോപിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍-ജര്‍മന്‍ വിരുദ്ധ പോപുലിസ്റ്റ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇറ്റലി ഇ.യു വിടാനും സാധ്യത കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത നടപടി.
പ്രസിഡിന്റിനെ ഇംപീച്ച് ചെയ്യുമെന്ന് ഫൈവ് സ്റ്റാര്‍ നേതാവ് ലൂയ്ഗി ജി മൈയോ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ലോബികള്‍ രാജ്യത്തെ സര്‍ക്കാരിനെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇ.യുവും ജര്‍മനിയുമാണ് പുതിയ നീക്കത്തിനു പിറകിലെന്നും പ്രസിഡന്റിന്റെ തീരുമാനം തെറ്റാണെന്നും ലീഗ് നേതാവ് മാറ്റിയോ സാല്‍വിനി വ്യക്തമാക്കി. രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരു കേട്ട നാടാണ് ഇറ്റലി. രണ്ടാം ലോകയുദ്ധത്തിനു ശേഷം രാജ്യത്ത് ഇതിനകം 64 സര്‍ക്കാരുകളാണു അധികാരം കൈയാളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."