കെവിന്റെ കൊലപാതകം: മുഖ്യമന്ത്രി രാജിവെക്കണമെന്ന്: എം.പി
കൊല്ലം: പ്രണയ വിവാഹം കഴിച്ച നവവരനായ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പത്തംഗ സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തുണ്ടായ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ ജോസഫ് ദുരഭിമാനക്കൊലയ്ക്കാണ് വിധേയനായിരിക്കുന്നത്. കേരളത്തില്‍ ദുരഭിമാന കൊലപാതകം നടക്കുന്നതിന് ഉത്തരവാദി പിണറായി സര്‍ക്കാരാണ്. കെവിന് നേരെ ഉണ്ടായ ഭീഷണിയെ സംബന്ധിച്ച് ഭാര്യ നീനു കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി ഉള്ളതു കൊണ്ട് അന്വേഷിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് കൈ ഒഴിഞ്ഞ പൊലിസ് ഉദ്ദ്യോഗസ്ഥര്‍ കേരളത്തിന് അപമാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത് കൊണ്ട് ആ പ്രദേശങ്ങളിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കില്ലായെന്ന പൊലിസിന്റെ നിലപാട് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. മുഖ്യമന്ത്രി ജില്ലകളില്‍ വരുമ്പോള്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് സേനയും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കാത്ത് കെട്ടി കിടക്കുന്നതാണ് ഈ സര്‍ക്കാരിന്റെ നയമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് എവിടെ നിന്നും സംരക്ഷണം കിട്ടുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ചോദിച്ചു.കെവിനെ ബലമായി പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയതിന് നേതൃത്വം നല്‍കിയത് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കന്മാരാണ്.
കൊലപാതകം നടത്തി കണ്ണ് ചൂഴ്ന്ന് എടുത്ത ദേഹമാസകലം പരുക്കേല്‍പ്പിച്ച് വനപ്രദേശത്തെ തോട്ടില്‍ വലിച്ചെറിഞ്ഞ ഡി.വൈ.എഫ്.ഐയുടെ പത്തംഗ സംഘത്തെ രക്ഷപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ സി.പി.എം നേതാക്കന്മാര്‍ പുതിയ വാദ മുഖങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ സി.പി.എം ഡി.വൈ.എഫ്.ഐക്ക് പങ്കില്ലെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന കൊലപാതകം നടത്തിയ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."