കെ.എം.എം.എല്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദനശേഷി 50 ശതമാനം ഉയര്‍ത്തും: മന്ത്രി
ചവറ: ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉല്‍പാദനം കെ.എം.എം.എല്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. പ്രതിവര്‍ഷ ഉല്‍പാദനശേഷി നിലവിലെ നാല്‍പ്പതിനായിരം മെട്രിക് ടണില്‍നിന്നും അറുപതിനായിരം മെട്രിക് ടണായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
1000 കോടി രൂപ ചെലവു കണക്കാക്കുന്ന ഈ ലക്ഷ്യം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.എം.എം.എലില്‍ 70 ടണ്‍ പ്രതിദിന ഉല്‍പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റിന് ശിലയിട്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴകൊല്ലം തീരത്തെ കരിമണല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് ധാതുഅധിഷ്ഠിത വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. മൂവായിരം കോടിയോളം രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതിക്കുവേണ്ടി 180 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ധാതുസമ്പത്ത് എന്ന സംസ്ഥാനത്തിന്റെ അമൂല്യ നിധി വ്യവസായ, തൊഴില്‍ അവസരങ്ങള്‍ക്കുള്ള വലിയ ഉപാധിയായാണ് സര്‍ക്കാര്‍ കാണുന്നത്. കെ.എം.എം.എലിലെ ലാപ്പ തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എം.എം.എലിലെ മാലിന്യ സംസ്‌കരണം കമ്പനി പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റോയ് കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍, കെ.എം.എം.എല്‍ ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍നായര്‍, ഡയറക്ടര്‍ മുന്‍ എം.പി. പി. രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത, മറ്റു ജനപ്രതിനിധികളായ എസ്. ശോഭ, ജെ. അനില്‍, കെ.എ. നിയാസ്, ബിന്ദു സണ്ണി, അനില്‍ പുത്തേഴം, റോബിന്‍സണ്‍, കമ്പനി ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, ടി.പി. യൂനിറ്റ് മേധാവി കെ. രാഘവന്‍, ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."