പൊലിസ് സി.പി.എമ്മിന്റെ സെക്യൂരിറ്റി ഏജന്‍സിയായി: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: കേരളാപൊലിസ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എമ്മിന്റെയും സ്വാകാര്യ സെക്യൂരിറ്റി ഏജന്‍സിയായി അധഃപതിച്ചിരിക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. നിയമവാഴ്ചയ്ക്ക് പേരുകേട്ട കേരള സംസ്ഥാനത്തെ ക്രിമിനല്‍-അധോലോക-സാമൂഹ്യവിരുദ്ധ-ക്വട്ടേഷന്‍ സംഘങ്ങളുടെ പറുദീസയാക്കി മാറ്റിയ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പൊലിസ് സേനയിലെ രാഷ്ട്രീയ അതിപ്രസരത്തെ തുടര്‍ന്ന് പൊലിസിന്മേലുള്ള നിയന്ത്രണം പൂര്‍ണമായും ഗവണ്‍മെന്റിന് നഷ്ടപ്പെട്ടിരിക്കുന്നു. വീട് തല്ലിത്തകര്‍ത്ത് സ്വന്തം ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ കോട്ടയം ജില്ലയിലെ സന്ദര്‍ശനം കാരണം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയെ മടക്കി അയച്ചത് പൊലിസിന്റെ ഗുരുതരമായ വീഴ്ചയാണ്.
സംസ്ഥാനത്തെ ജനങ്ങളുടെ പരാതി സ്വീകരിക്കാനോ രജിസ്റ്റര്‍ ചെയ്യാനോ അന്വേഷിക്കാനോ പൊലിസ് തയ്യാറാവുന്നില്ല. യഥാസമയം പരാതി സ്വീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന യുവതിയുടെ വിലാപം കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലിസ് യഥാസമയം നടപടി സ്വീകരിക്കാത്തതുകൊണ്ട് നടന്നിട്ടുള്ള കൊലപാതകങ്ങളുടെയെല്ലാം പ്രതിസ്ഥാനത്ത് സി.പി.എമ്മിന്റെയോ പോഷക സംഘടനകളുടെയോ നേതാക്കളാണെന്നുള്ളത് ഗൗരവതരമാണ്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലിസ് ആസൂത്രിതമായ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."