അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിക്ക് തിരിച്ചടി
കൊച്ചി: പ്രതീക്ഷകളെല്ലാം അസ്തമിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പിനുള്ള മത്സരവേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊച്ചിക്ക് തിരിച്ചടി. ഫൈനലിനോ സെമിഫൈനലിനോ ആതിഥ്യം വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കൊച്ചിക്ക് പ്രാഥമിക മത്സരങ്ങള്‍ക്ക് പുറമേ ഓരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണ് ലഭിച്ചത്. സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ കാണിച്ച അലംഭാവമാണ് കൊച്ചിക്ക് വിനയായത്. കഴിഞ്ഞ 24ന് സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ സംഘം മുന്നൊരുക്കങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെയോ പരിശീലന മൈതാനങ്ങളായ മഹാരാജാസ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി ഔട്ട്ഫീല്‍ഡ്, ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.പ്രധാന വേദിയായ നെഹ്‌റു സ്റ്റേഡിയത്തിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടേയും സീറ്റുകള്‍ ഉറപ്പിക്കുന്നതിന്റെയും അന്തിമ കരാര്‍ ഇനിയും നല്‍കിയിട്ടില്ല. അഗ്നിരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വൈകുന്നതു മറ്റ് ഒരുക്കങ്ങളേയും പ്രതികൂലമായി ബാധിക്കും.
ആരംഭിച്ച പണികളില്‍ ഒന്നു പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണു ഫിഫ സംഘത്തലവന്‍ ഹെയ്‌മെ യാര്‍സ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ മറ്റു മത്സര വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാന സ്റ്റേഡിയത്തിനു പുറമെ നാലു പരിശീലന മൈതാനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി നിശ്ചിത കാലാവധിക്കുള്ളില്‍ കൈമാറേണ്ടതുണ്ട്.
ഒക്‌ടോബര്‍ ആറിന് നവി മുംബൈയിലും ഡല്‍ഹിയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. ഒക്‌ടോബര്‍ 28ന് രാത്രി എട്ടു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം നടക്കും. 25ന് ഗുവാഹത്തിയിലാണ് ആദ്യ സെമി. മുംബൈയിലാണ് രണ്ടാം സെമി. ആറു സ്റ്റേഡിയങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഫിഫ സംഘം പ്രധാന മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിന്റെ സ്ലോഗനും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. മത്സര ക്രമങ്ങളുടെ നറുക്കെടുപ്പ് ജൂലൈ ഏഴിന് മുംബൈയില്‍ നടക്കും. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. എല്ലാ വേദികള്‍ക്കും കുറഞ്ഞത് എട്ടു മത്സരങ്ങള്‍ വീതം ലഭിക്കുന്ന രീതിയിലാണ് ഫിക്‌സ്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. കൊല്‍ക്കത്ത പത്തു മത്സരങ്ങള്‍ക്കും ഗോവ, ഗുവാഹത്തി വേദികള്‍ ഒമ്പത് മത്സരങ്ങള്‍ക്കും ആതിഥ്യം വഹിക്കും. ഒക്‌ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും നാലു മത്സരങ്ങളാണ് ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."