ജലസേചന പദ്ധതി വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചു; എന്നിട്ടും കണ്‍വീനര്‍മാര്‍ ജപ്തി ഭീഷണിയില്‍
ബാലുശ്ശേരി: കാര്‍ഷിക കൂട്ടായ്മയില്‍ കൃഷിഭവനുകള്‍ക്ക് കീഴിലാരംഭിച്ച സാമൂഹിക ജലസേചന പദ്ധതി ജില്ലയില്‍ നിലച്ചിട്ട് വര്‍ഷങ്ങളായെങ്കിലും വെട്ടിലായത് പദ്ധതിയുടെ കണ്‍വീനര്‍മാര്‍.
കര്‍ഷകര്‍ അവരവരുടെ ഭൂമിയില്‍ ജലസേചനത്തിന് ഉപയോഗിച്ചതാണെങ്കിലും അതിന്റെ വൈദ്യുതി ചാര്‍ജിന്റെ കുടിശ്ശിക മുഴുവനായി അടച്ചുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പദ്ധതി കണ്‍വീനര്‍മാര്‍ക്ക് കെ.എസ്.ഇ.ബി നോട്ടിസ് നല്‍കി. ജില്ലയില്‍ ഇത്തരത്തില്‍ നിരവധി സാമൂഹിക ജലസേചന പദ്ധതിയുടെ കണ്‍വീനര്‍മാര്‍ കെ.എസ്.ഇ.ബി.യുടെ ജപ്തി നടപടി നേരിടുകയാണ്. അഞ്ചിന പദ്ധതിയില്‍ 1994ല്‍ ആണ് കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്ന് സാമൂഹിക ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. പദ്ധതിക്കായി രണ്ടു ലക്ഷം രൂപയും അനുവദിച്ചു. നാല്‍പ്പത് ശതമാനം ചെലവും കര്‍ഷകരാണ് കണ്ടെത്തേണ്ടിയിരുന്നത്.
എന്നാല്‍ ഇരട്ടിയിലേറെ തുക ചെലവിട്ട ശേഷമാണ് ഇവര്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. നന്മണ്ട പഞ്ചായത്തിലെ ചീക്കിലോട്ട് താഴെക്കോട്ടുമല സാമൂഹിക ജലസേചന പദ്ധതി പ്രകാരം 25 ഏക്കര്‍ തെങ്ങിന്‍ തോപ്പ് നനയ്ക്കലായിരുന്നു ലക്ഷ്യം. പത്ത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ ഭൂമിയുള്ള 55 നാളികേര കര്‍ഷകര്‍ ഉണ്ടായിരുന്നു ഈ കൂട്ടായ്മയില്‍. വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ബോധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ജലസേചനം തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ വൈദ്യുതിച്ചാര്‍ജ് അടയ്ക്കാന്‍ കെ.എസ്.ഇ.ബി നോട്ടിസ് നല്‍കി. 12215 രൂപയായിരുന്നു വൈദ്യുതി ബില്‍. ഇതില്‍ സെസ്സായി ചുമത്തിയ 4248 രൂപ കര്‍ഷകര്‍ പിരിവെടുത്ത് അടച്ചെങ്കിലും വൈദ്യുതി കുടിശ്ശികയുടെ കാര്യത്തില്‍ ഇളവുണ്ടായില്ല. ഇതോടെ ഭൂരിപക്ഷം കര്‍ഷകരും പദ്ധതി ഉപേക്ഷിച്ചെങ്കിലും ബാധ്യത മുഴുവന്‍ പദ്ധതിയുടെ കണ്‍വീനര്‍മാരുടെ തലയിലാവുകയായിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിമാരായിരുന്ന വി.എസ് അച്യുതാനന്ദന്റെയും, ഉമ്മന്‍ ചാണ്ടിയുടെയും മുന്നില്‍ കര്‍ഷകര്‍ കണ്ണീര്‍ വാര്‍ത്തെങ്കിലും കുടിശ്ശിക തവണകളാക്കി അടയ്ക്കാന്‍ സൗകര്യം ചെയ്തതല്ലാതെ ഇളവ് അനുവദിക്കുക പോലും ചെയ്തില്ല. ഇതില്‍ പലിശയടക്കം നാല്‍പ്പതിനായിരം രൂപയുടെ ജപ്തി നടപടിയാണ് ചീക്കിലോട്ടെ താഴെക്കോട്ടുമല സാമൂഹിക ജലസേചന പദ്ധതിയുടെ കണ്‍വീനറായ റിട്ട. അധ്യാപകന്‍ ഇപ്പോള്‍ നേരിടുന്നത്.
പദ്ധതിയുടെ പമ്പ് സെറ്റുകള്‍, ഭൂമി തുടങ്ങിയ ആസ്തികള്‍ മുഴുവന്‍ കൃഷി വകുപ്പിന്റെ അധീനതയിലാണ്. ഉയര്‍ന്ന എച്ച്.പിയിലുള്ള മോട്ടോര്‍ പമ്പുകള്‍ ഉള്‍പ്പടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും കര്‍ഷകര്‍ പരിതപിക്കുന്നു. നന്മണ്ട കൃഷിഭവനിലെ മറ്റൊരു പദ്ധതിയായിരുന്നു ഒളയിമ്മല്‍ പദ്ധതി. എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായിട്ടും തുടങ്ങാനാവാതെ ഉപേക്ഷിച്ച സാമൂഹിക ജലസേചന പദ്ധതിയാണിത്. തുറന്ന് കിടക്കുന്ന പമ്പ് ഹൗസില്‍ പത്ത് എച്ച്.പി മോട്ടോര്‍ തുരുമ്പെടുക്കുന്ന കാഴ്ചയാണിവിടെ. മുടങ്ങി കിടക്കുന്ന എല്ലാ സാമൂഹിക ജലസേചന പദ്ധതികളും പുനരാരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."