കൂത്താളിയില്‍ മിന്നലിലും മഴയിലും വീടുകള്‍ക്ക് നാശം
പേരാമ്പ്ര: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപട് സംഭവിച്ചു. ഹൈസ്കൂള്‍ റോഡിലെ വിമുക്ത ഭടന് പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിങ് പൂര്‍ണമായും നശിച്ചു.
സ്വിച്ച് ബോര്‍ഡുകളും മറ്റ് ഫിറ്റിങ്സുകളും കത്തിനശിച്ചു. മെയിന്‍ സ്വിച്ചിന്റെ ഭാഗങ്ങള്‍ പറമ്പിലേക്ക് തെറിച്ചുവീണ നിലയിലാണുള്ളത്. ചുമരിനു വിള്ളല്‍ വീണിട്ടുണ്ട്. സംഭവസമയത്ത് വീട്ടില്‍ സോമനും ഭാര്യയും ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൂത്താളി കുഞ്ഞോത്ത് റോഡില്‍ കട്ടയാട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി നിര്‍മാണം പൂര്‍ത്തിയായ വീടിനു കേടുപാട് സംഭവിച്ചു. തെക്കെപറമ്പില്‍ ഗോപാലന്റെ വീടിനു പുറകുപവശത്തെ മണ്ണിടിയുകയും ഭീമന്പാറയും മരങ്ങളും വീടിനു മുകളില്‍ പതിക്കുകയും ചെയ്തു. വീട് നിര്‍മിക്കുന്നതിനു വേണ്ടി നീക്കം ചെയ്ത മണ്ണിന്റെ ബാക്കിഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഭീമന്‍പാറ വീടിന്റെ ഒരുവശത്ത് തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടില്ലെങ്കിലും മഴതുടങ്ങിയതോടെ താല്കാലിക ഷെഡിലായിരുന്ന ഇവര്‍ താമസം ഇവിടേക്കു മാറ്റിയിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരുക്കേറ്റില്ല. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പാറയും മണ്ണും നീക്കം ചെയ്തു. ഗ്രാമ പഞ്ചായത്ത് റവന്യൂ അധികൃതര്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."