ഇരുവഴിഞ്ഞിപ്പുഴക്കരയില്‍ കൊടിക്കൃഷി വിജയവുമായി അബ്രഹാം
കോടഞ്ചേരി: ഇരുവഴിഞ്ഞിപ്പുഴക്കരയില്‍ കുരുമുളക് കൃഷിയില്‍ വിജയം കൊയ്ത് സന്തോഷം കണ്ടെത്തുകയാണ് മുത്തപ്പന്‍പുഴ കൊളവട്ടത്തില്‍ അബ്രഹാം എന്ന കര്‍ഷകന്‍. കുരുമുളക് കൃഷിയുടെ സൗന്ദര്യവും അത് തരുന്ന സന്തോഷവുമാണ് വെള്ളരിമലയുടെ താഴ്‌വാരത്തില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് കുരുമുളക് തോട്ടമുണ്ടാക്കാന്‍ ഇദ്ദേഹത്തിന് പ്രചോദനമായത്.
തിരുവമ്പാടിയിലെ തറവാട്ടില്‍ കുരുമുളക് കൃഷിയില്ലാതിരുന്ന കാലത്ത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയല്‍ക്കാരുടെ പക്കല്‍നിന്നു വള്ളികള്‍ ശേഖരിച്ച് പറമ്പിലെ തെങ്ങുകളിലും മരങ്ങളിലും കയറ്റി ഒരു തോട്ടമുണ്ടാക്കിയതില്‍ തുടങ്ങിയതാണ് കുരുമുളക് കൃഷിയോടുള്ള പ്രേമം.അത് ഇന്നും തുടരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തപ്പന്‍പുഴയിലെ കുണ്ടംതോട് ഭാഗത്ത് കാലിയായി കിടന്ന അഞ്ചേക്കര്‍ സ്ഥലം വാങ്ങി അതില്‍ തെങ്ങ്, കവുങ്ങ്, കൊടി എന്നിവ കൃഷി ചെയ്ത് കാര്‍ഷികവൃത്തിയില്‍ തുടര്‍ന്ന കര്‍ഷകനാണ് അബ്രഹാം. ഈ പറമ്പില്‍ കൊടിക്കൃഷി ഇല്ലാതിരുന്ന കാലമുണ്ടായിട്ടില്ല.
കൃഷി തുടങ്ങിയ കാലത്ത് ഇരുവഴിഞ്ഞിപ്പുഴയുടെ ഇക്കരെ നിന്ന് തടിപ്പാലത്തിലൂടെ പുഴ മുറിച്ചുകടന്ന് മാത്രമേ ഈ കൃഷിയിടത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. അതിന് 25 വര്‍ഷത്തിനിപ്പുറം വന്ന മാറ്റം തടിപ്പാലത്തിനു പകരം കമ്പിപ്പാലമായി എന്നതു മാത്രം. രണ്ടായിരത്തിലധികം വരുന്ന കൊടികളും നൂറിലധികം ജാതികളുമാണ് ഈ കൃഷിയിടത്തിലെ പ്രധാന കൃഷി. തദ്ദേശീയമായി 'മൂപ്പര് കൊടി' എന്ന വിളിപ്പേരുള്ള ഇനം കൊടികളും പന്നിയൂര്‍, കരിമുണ്ട ഇനങ്ങളുമാണ് ഇവിടെ കൃഷി ചെയ്തുവരുന്നത്.
കോടഞ്ചേരി പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച കുരുമുളക് തോട്ടമാണ് ഇദ്ദേഹത്തിന്റേത്. കോടഞ്ചേരി പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം ഒരു മുഴുവന്‍ സമയ കൃഷിക്കാരനാണ്. കെ.എസ്.ഇ.ബി.യുടെ നിര്‍ദിഷ്ട ജലവൈദ്യുതി പദ്ധതിയുടെ കനാല്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ അവര്‍ ഏറ്റെടുക്കുന്ന ഭാഗത്തെ കൊടികളും ജാതികളും വലിയ അളവില്‍ നശിക്കുമെന്ന ദുഖത്തിലാണ് ഈ കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."