മാഹി ഇരട്ടക്കൊല: ആര്‍.എസ്.എസ്, സി.പി.എം നേതാക്കള്‍ ഒളിവില്‍
തലശ്ശേരി: മാഹി മേഖലയിലെ ഇരട്ട കൊലപാതകത്തെ തുടര്‍ന്നു പൊലിസ് അറസ്റ്റും ഭീഷണിയും ഭയന്ന് ആര്‍.എസ്.എസ്, സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടമായി ഒളിവില്‍. പൊലിസിന്റെ അറസ്റ്റ് ഭയന്നും എതിര്‍രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നുമാണു നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായി സ്ഥലംവിട്ടത്. പള്ളൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരുടെ ബലിദാനദിനമായ ഇന്നലെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ അനുസ്മരണ ചടങ്ങ് പേരിലൊതുക്കി പിരിയുകയായിരുന്നു.
പള്ളൂരിലെ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നു മാഹി മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ബാബുവിനെ കൊലപ്പെടുത്തി 20 മിനിറ്റിനകമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ന്യൂമാഹിയിലെ യു.സി ഷമേജിനെ ഓട്ടോതടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്നു നടന്ന അക്രമ സംഭവങ്ങളില്‍ 500 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയായിരുന്നു കേസ്. 63 പ്രതികളെ വീഡിയോദൃശ്യം പരിശോധിച്ച് പൊലിസ് തിരിച്ചറിഞ്ഞിരുന്നു. എട്ടുപേരെ പള്ളൂര്‍ പൊലിസ് അറസ്റ്റുചെയ്തു. കേസുമായി ബന്ധപ്പെട്ട് പൊലിസ് പ്രവര്‍ത്തകരെ വേട്ടയാടുകയാന്നെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു.
പുതുച്ചേരി പൊലിസിന്റെ സമ്മര്‍ദം കാരണം സി.പി.എം നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായി മാഹി മേഖല വിട്ടുകഴിഞ്ഞു. ബാബു വധക്കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നതാണു ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. പൊലിസ് വീടുകളിലും റെയ്ഡിനിറങ്ങുന്നത് ഇവരെയും പ്രകോപിപ്പിച്ചു. ബാബുവിന്റെ കൊലയ്ക്കു പകരമായി ഷമേജിനെ കൊലപ്പെടുത്തിയെങ്കിലും ബാബുവിന് പകരംവയ്ക്കാന്‍ ഇതു തികയില്ലെന്ന ധ്വനി ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ മാഹി മേഖലയിലെ സംഘപരിവാര്‍ സംഘടനാ നേതാക്കളും ഒളിജീവിതത്തിലായി. മാഹി സമാധാനത്തിലേക്കു തിരിച്ചുവന്നെങ്കിലും രാഷ്ട്രീയ ബന്ധമുള്ള മുഴുവനാളുകളും കേരളത്തിലെ ബന്ധുവീടുകളിലും സുഹൃത്ത് വീടുകളിലും മാറി താമസിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."