ജീവകാരുണ്യ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി അണ്ണാന്‍തൊടിയിലെ യുവകൂട്ടായ്മ
തച്ചനാട്ടുകര: വേറിട്ട പ്രവര്‍ത്തന രീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അണ്ണാന്‍ തൊടിയിലെ നാട്ടിലുള്ളവരും പ്രവാസികളുമായ ഒരു കൂട്ടം യുവാക്കള്‍. ജീവകാരുണ്ണ്യ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സംഘം മുന്നോട്ട് പോവുന്നത്.
കേരള പൊലിസ് ഉദ്യോഗസ്ഥനായ അബൂജാഫര്‍ നാലകത്തിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കളാണ് സമിതിയില്‍ സജീവമായിട്ടുള്ളത്. പ്രഥമ പ്രവര്‍ത്തനം എന്ന നിലയില്‍ തച്ചനാട്ടുകര മുസ്‌ലിം ഓര്‍ഫനേജ് അസോസിയേഷന്റെ കീഴിലുള്ള ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സിലെ അനാഥകളും അഗതികളുമായ വിദ്യാര്‍ഥി സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ പുടവ നല്‍കി. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. മുഴുവന്‍ അംഗങ്ങള്‍ക്കും ഇഫ്താര്‍ ഒരുക്കിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്.
വരുന്ന ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മുസ്‌ലിം സര്‍വീസ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ അഗതി മന്ദിരത്തിലെ അഗതികളുടെ കൂടെ പെരുന്നാള്‍ കൂടുകയും അവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും നല്‍കി ഭക്ഷണം ഒന്നിച്ച് കഴിക്കുവാനാണ് പരിപാടി. ജീവിത യാത്രയുടെ അവസാന കാലഘട്ടത്തില്‍ കൂടെയുണ്ടാവേണ്ട സ്വന്തം രക്തത്തില്‍ പിറന്ന മക്കളും കൂട പിറപ്പുകളും തങ്ങളെ ഭാരങ്ങളായി കണ്ട് പാതിവഴിയിലിട്ടു പോയപ്പോള്‍ അവര്‍ക്ക് അത്താണിയായത് കാരുണ്യയാണ്.
ആ കാരുണ്യയില്‍ അവരുടെ മക്കളായി സഹോദരങ്ങളായി പെരുന്നാള്‍ ഭക്ഷണം കഴിക്കാന്‍ ഈ ചെറിയ പെരുന്നാളിന് തണല്‍ അണ്ണാന്‍ തൊടിയുടെ പ്രവര്‍ത്തകരും കൂടെയുണ്ടാവും. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട്, അബൂ ജാഫര്‍, എന്‍ സൈതലവി, അബ്ദുല്‍ കബീര്‍ അന്‍വരി, കെ.പി കുഞ്ഞു മുഹമ്മദ്, കബീര്‍ അണ്ണാന്‍തൊടി, കുഞ്ഞാലന്‍ കെ.പി, സൈത് കെ.പി, സൈതലവി സി.പി, അബ്ദുല്‍ റഷീദ് മഞ്ചേരി, കാസിം മുഹമ്മദ്, സൈതലവി കൂടേങ്ങലം, അഷ്‌റഫ് ഉള്ളാട്ടു പറമ്പില്‍, മരക്കാര്‍ സി.പി, സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."