പടക്കൊരുങ്ങി കാനറികള്‍
2014 ജൂലൈ 8, ബ്രസീലിയന്‍ തെരുവുകള്‍ അന്ന് പതിവിലും വിപരീതമായി നേരത്തെ വിജനമായി. ഒരു ദുരന്തം നേരിട്ടതിന്റെ ഞെട്ടലിലായിരുന്നു അന്ന് ബ്രസീല്‍ മുഴുവനും. 1950ലെ മരക്കാനാ ദുരന്തം മറന്നുതുടങ്ങിയ കാനറികള്‍ക്കുമേല്‍ ഇടിത്തീയായിട്ടായിരുന്നു ആ ദുരന്തം വന്നത്. 2014 ലോകകപ്പ് സെമി ഫൈനലില്‍ സ്വന്തം നാട്ടില്‍ 7-1 സ്‌കോറിന് ജര്‍മനിയോടേറ്റ കനത്ത തോല്‍വി ബ്രസീല്‍ ഫുട്‌ബോളിനെയും ഫുട്‌ബോള്‍ ജീവവായുവായ ബ്രസീലിനെയുംആകെ തകര്‍ത്തു കളഞ്ഞു.
വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. റഷ്യയില്‍ ലോകകപ്പ് മാമാങ്കത്തിന് കളമൊരുങ്ങിത്തുടങ്ങി. ബെലേ ഹൊറിസോണ്ടയുടെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ടീം എങ്ങനെ റഷ്യയിലേക്ക് പറക്കുമെന്ന ആധി ബ്രസീലിനെ ദുഃഖത്തിലാഴ്ത്തി.
ഒടുവില്‍ 2016 ജൂണില്‍ മുന്‍ ബ്രസീല്‍ താരം എദനര്‍ ലിയനാര്‍ഡോ ബാച്ചി എന്ന ടിറ്റെ ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തതോടെയാണ് കാനറികള്‍ക്ക് വീണ്ടും ചിറകുമുളച്ചത്. പരിശീലകനായി സ്ഥാനമേറ്റയുടന്‍ ടീമംഗങ്ങളോട് ദുരന്തം മറക്കാനായിരുന്നു ടിറ്റേയുടെ ആദ്യ ഉപദേശം. കളത്തിലിറങ്ങിയവര്‍ ആശാനെ പൂര്‍ണമായും അനുസരിച്ചപ്പോള്‍, ലാറ്റിന്‍ അമേരിക്കയില്‍ യോഗ്യതാ റൗണ്ടില്‍ അതുവരെ ആറാം സ്ഥാനത്തായിരുന്ന മഞ്ഞപ്പട തുടര്‍ച്ചയായ വിജയങ്ങളുമായി മേഖലയിലെ ഒന്നാം സ്ഥാനവുമായി റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ച ആദ്യ ടീമായി.
ഇത്തവണയും ലോകകപ്പ് ഫേവറേറ്റുകളായി തന്നെയാണ് റെക്കോര്‍ഡ് തുകക്ക് ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലേക്ക് ചേക്കേറിയ നെയ്മറിന്റെ നേതൃത്വത്തിലുള്ള മഞ്ഞപ്പട എത്തുന്നത്. യൂറോപ്പ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ലീഗുകളില്‍ വമ്പന്‍മാര്‍ക്കായി പന്തുതട്ടുന്ന പരിചയ സമ്പന്നരും യുവനിരയും അടങ്ങുന്ന ടീമില്‍ നിന്ന് ആറാം ലോകകപ്പ് നേട്ടമല്ലാതെ മറ്റൊന്നും ബ്രസീലുകാരെ തൃപ്തിപ്പെടുത്തില്ല. പിന്‍നിരയിലെ വിശ്വസ്തനായ ഡാനി ആല്‍വസിന് പരുക്കേറ്റതാണ് റഷ്യയിലേക്കുള്ള ഒരുക്കത്തിനിടെ ടീമിനുണ്ടായ നഷ്ടം. മൂന്ന് മാസം മുന്‍പ് പരുക്കേറ്റ നെയ്മര്‍ കളത്തില്‍ തിരിച്ചെത്തിയത് ആശ്വാസമാണ്. ഇടതു വിങ്ങില്‍ മുന്നേറിയും പിന്‍വലിഞ്ഞും കളം നിറയുന്ന മാഴ്‌സലോക്കൊപ്പം വലതു വിങ്ങില്‍ മുന്നേറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ ആല്‍വസിന് പകരം പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൈറ്റ് വിങ് ബാക്ക് ഡാനിലോയെയാണ് ടിറ്റെ ടീമിലെടുത്തിരിക്കുന്നത്. ഇതേ പൊസിഷനില്‍ കൊറിന്ത്യന്‍സിന്റെ ഫാഗ്നറും കരുത്തനാണ്. പഴുതടച്ച പ്രതിരോധത്തിനൊപ്പം മധ്യ, മുന്നേറ്റ നിരകളില്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന, യോഗ്യതാ റൗണ്ടില്‍ തുടര്‍ വിജയങ്ങള്‍ നേടിക്കൊടുത്ത ഫോര്‍മേഷന്‍ തന്നെയാകും ടിറ്റേ റഷ്യന്‍ മൈതാനങ്ങളിലും ആവര്‍ത്തിക്കുക. പി.എസ്.ജി താരങ്ങളായ തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, ഇന്റര്‍മിലാന്‍ താരം മിറാന്‍ഡ, അത്‌ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പ് ലൂയിസ്, ബ്രസീല്‍ ലീഗിലെ ഗ്രെമിയോ താരം പെഡ്രോ ജെറോമല്‍ എന്നിവരാണ് പ്രതിരോധ ഭടന്മാര്‍.
പ്രതിരോധത്തിന് കരുത്ത് പകരാനും മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാനും അനുഭവ പാഠമുള്ള രണ്ടു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും (റയല്‍ മാഡ്രിഡിന്റെ കാസിമിറോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടിഞ്ഞോ), വിങ്ങുകളിലൂടെ എതിര്‍ ഗോള്‍വലയം ലക്ഷ്യം വെക്കാന്‍ പ്രാപ്തിയുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായ ചെല്‍സിയുടെ വില്യന്‍, ബാഴ്‌സലോനയുടെ ഫിലിപ്പെ കോട്ടിഞ്ഞോ എന്നിവരും മധ്യനിരയില്‍ പന്തു നിയന്ത്രിച്ചു നിര്‍ത്താനും മൈതാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി കളിമെനയാന്‍ കരുത്തുമുള്ള പൗളിഞ്ഞോ (ബാഴ്‌സലോന), ഫ്രെഡ് (ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക്), ചൈനീസ് സൂപ്പര്‍ ലീഗിലെ ബീജിങ് സിനോബോ ഗുവോണ്‍ താരം റെനാറ്റോ അഗസ്‌റ്റോയും ചേരുന്നതാണ് മഞ്ഞപ്പടയുടെ മധ്യനിര. എന്നാല്‍ വേഗത ആവശ്യമുള്ള സമയത്തെ മധ്യനിരയുടെ ശാന്തത വിമര്‍ശനങ്ങളേറ്റു വാങ്ങാറുണ്ടെങ്കിലും ലീഗുകളിലെ വേഗവന്യതക്കൊപ്പം പന്തുതട്ടിയ താരങ്ങള്‍ റഷ്യയില്‍ ഈ കുറവു നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നെയ്മര്‍ക്കൊപ്പം ലിവര്‍പൂളില്‍ മികച്ച പ്രകടനം നടത്തിയ റോബര്‍ട്ടോ ഫെര്‍മിനോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ജുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ, ഷാക്തറിന്റെ ടെയ്‌സണ്‍ എന്നീ മുന്നേറ്റ നിരക്കാരുടെ കാലുകളാകും കാനറികള്‍ക്ക് സാംബാ നൃത്തത്തിന് വഴിയൊരുക്കുക. എസ്.എസ് റോമയുടെ അലിസണ്‍, കൊറിന്ത്യന്‍സിന്റെ കാസ്സിയോ, സിറ്റിയുടെ എഡേഴ്‌സണ്‍ എന്നിവരാണ് ഗോള്‍വരയുടെ കാവല്‍ക്കാര്‍.
ഫിഫ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ്, 35, 25 സ്ഥാനങ്ങളിലുള്ള സെര്‍ബിയ, കോസ്റ്റാറിക്ക എന്നിവരാണ് ഗ്രൂപ്പ് 'ഇ' യില്‍ ബ്രസീലിന്റെ എതിരാളികള്‍. യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ബി യില്‍ ഗോള്‍ ശരാശരിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വരവ്. ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരാണ് സെര്‍ബിയ. കോണ്‍കാഫില്‍ രണ്ടാം സ്ഥാനക്കാരായ കോസ്റ്റാറിക്കയും കരുത്തരായ എതിരാളിയാണ്. ലോകകപ്പിന് മുന്നോടിയായി ജൂണ്‍ മുന്നിന് ക്രൊയേഷ്യ, ജൂണ്‍ 10ന് ഓസ്‌ട്രേലിയ എന്നിവരുമായി സൗഹൃദമത്സരങ്ങള്‍ക്കൊടുവിലാണ് ടീം റഷ്യയിലെത്തുക.
പകരക്കാരുള്‍പ്പെടെ പ്രതിഭാധനരായ ഒരുപറ്റം താരങ്ങളും ദുരന്തവഴിയില്‍ നിന്ന് ടീമിനെ ഞൊടിയിടെ വിജയപാതയിലെത്തിച്ച ടിറ്റെയുടെ തന്ത്രങ്ങളും കാനറികളെ ലോകവേദിയിലെ ആറാം കിരീടമണിയിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."