ലേബര്‍ ക്യാംപിലെ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി
കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പുത്തലത്ത്താഴം ശോഭ ഗ്രൂപ്പ് ലേബര്‍ ക്യാംപിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതും പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ കൂട്ടിയിടുന്നതും പരിസരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നെന്ന് ആരോപണം.
സര്‍ക്കാരും വിവിധ ഗ്രാമപഞ്ചായത്ത് ഭരണസമിതികളും ചേര്‍ന്ന് മാമ്പുഴ സംരക്ഷണത്തിന് കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴാണ് മറുഭാഗത്ത് അനിയന്ത്രിതമായി കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ പുഴയിലേക്കും പാടത്തേക്കും തുറന്നുവിടുന്നത്. മാമ്പുഴയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശുചീകരണപ്രവൃത്തി മന്ത്രി ടി.പി രാമകൃഷണന്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്തിരുന്നു.
നാട്ടില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന രൂപത്തില്‍ വൃത്തിഹീനമായ ലേബര്‍ ക്യാംപുകളിലെ അവസ്ഥക്കെതിരേ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകളും ക്ലബുകളും റസിഡന്‍സുകളും രംഗത്തെത്തിയിട്ടുണ്ട്.
മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞവര്‍ഷം ഹരിതം റസിഡന്‍സ് അസോസിയേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ കുറ്റിക്കാട്ടൂര്‍ സാംസ്‌കാരിക നിലയത്തില്‍ വച്ച് ശോഭ ഗ്രൂപ്പിന്റെ മാനേജര്‍മാരും നാട്ടിലെ വിവിധ സംഘടകളുടെ പ്രതിനിധികളും സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനായി വലിയ ടാങ്ക് നിര്‍മിക്കുമെന്ന് ലേബര്‍ ക്യാംപ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് വരെ തീരുമാനം നടപ്പായിട്ടില്ല.
ഇതേതുടര്‍ന്ന് മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരം പലതവണ ഇതിനെതിരേ പ്രക്ഷോഭങ്ങള്‍ നടത്തുകയും അതിന്റെ ഉടമസ്ഥരെ അറിയുകയും ചെയ്തിട്ടും ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി ശക്തമയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."