ഫറോക്ക്, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ പദവി ഉയര്‍ത്തണമെന്ന്
കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷനെ എയര്‍പോര്‍ട്ട് സ്റ്റേഷനായും എലത്തൂര്‍ റെയില്‍വേ സ്റ്റേഷനെ ടൂറിസം സ്റ്റേഷനായും ഉയര്‍ത്തണമെന്ന് മലബാര്‍ റെയില്‍വേ ഡെവലപ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍ (മര്‍ഡാക്) യോഗം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മലബാറിലെ വിദേശ മലയാളികളില്‍ ഭൂരിഭാഗവും വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കായി ആശ്രയിക്കുന്നത് ഫറോക്ക് സ്റ്റേഷനെയാണ്. ലോക വിനോദസഞ്ചാര കേന്ദ്രമായ കാപ്പാടിലേക്ക് എലത്തൂരില്‍നിന്നു തീവണ്ടി മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. നിലവില്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള രണ്ടു സ്റ്റേഷനുകള്‍ക്കും പ്രത്യേക ഫണ്ട് അനുവദിച്ച് വികസന പദ്ധതി തയാറാക്കണം.
മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ രാവിലെയും വൈകിട്ടും കണ്ണൂര്‍-തൃശൃര്‍, ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രയിന്‍ (മെമു) പുതുതായി അനുവദിക്കണമെന്നും റെയില്‍വേ സേഫ്റ്റിയുടെ ഭാഗമായി പണി നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ ട്രാക്കിന്റെ നിര്‍മാണപ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി കെ.പിയു അലി (പ്രസിഡന്റ്), മുഹമ്മദലി ഹാജി മോങ്ങം (വൈസ് പ്രസിഡന്റ്), എം.പി മൊയ്തീന്‍കോയ (ജനറല്‍ സെക്രട്ടറി), എ.സി മോഹന്‍ (ട്രഷറര്‍), സുരേഷ് വയനാട് (വര്‍ക്കിങ് പ്രസിഡന്റ്), ലതീഷ് പയ്യന്നൂര്‍ (സെക്രട്ടറി), എം. ഫിറോസ് (കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. കെ.പി.യു അലി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എം.പി മൊയ്തീന്‍കോയ അധ്യക്ഷനായി. എ.ടി അബു, എം.പി അബ്ദുമോന്‍, എം. ഫിറോസ്, കെ. അബ്ദുറഹ്മാന്‍, എ.സി മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."