നമ്മള്‍ കൈയേറും ഭൂമിയെല്ലാം നമ്മുടേതാകും പൈങ്കിളിയേ
ഭൂമി കൈയേറ്റം വിപ്ലവത്തിന്റെ ഭാഗമാണ്. ലോകത്ത് കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം നയിച്ച മിക്ക നാടുകളിലും അതു നടന്നിട്ടുണ്ട്. ചൈനീസ് വിപ്ലവകാലത്ത് മാവോ സഖാവും കൂട്ടരും ജന്മിമാരുടെ ഭൂമി കൈയേറിയതിന് കൈയും കണക്കുമില്ല.
ഇന്ത്യയിലുമുണ്ട് സമാനമായ വിപ്ലവ ചരിത്രം. ആന്ധ്രപ്രദേശിലും ബംഗാളിലുമൊക്കെ ആദ്യകാലത്ത് ഒരുപാടു ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ഭൂമി കൈയേറി കൊടികുത്തിയിട്ടുണ്ട്. കാലമേറെ കഴിഞ്ഞപ്പോള്‍ ആ കൊടികള്‍ തെലുഗുദേശക്കാരും തൃണമൂലുകാരുമൊക്കെ ഊരിയെറിഞ്ഞു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നിലംപരിശാക്കിയതു വേറെ കാര്യം. പ്രതിവിപ്ലവകാരികള്‍ ഏതു നാട്ടിലും ഉണ്ടാകുമല്ലോ.
ചുവന്ന കൊടി ഇന്നും ഉയര്‍ന്നുപാറുന്ന കേരളത്തിലുമുണ്ട് സമാനമായ കര്‍ഷകസമരങ്ങളുടെ ത്യാഗോജ്വല ചരിത്രം. ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സമരങ്ങളിലധികവും ഭൂമിക്കുവേണ്ടിയായിരുന്നു. ഇത്തരം സമരങ്ങളില്‍ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവര്‍ നിരവധി. പിന്നീട്, പ്രസ്ഥാനം അധികാരത്തില്‍ വരികയും ജന്മിത്വം അവസാനിപ്പിക്കുകയുമൊക്കെ ചെയ്‌തെങ്കിലും സമരം നിര്‍ത്തിയില്ല.
സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടും മിച്ചഭൂമി വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ മടിച്ചപ്പോള്‍ സഖാക്കള്‍ സമരത്തിനിറങ്ങി. ഒന്നായി നിന്ന പാര്‍ട്ടി രണ്ടായി മാറിയ ശേഷം ആദ്യമായി ഒരുമിച്ചു ഭരിച്ച 1967ലെ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തു രണ്ടു പാര്‍ട്ടികളും ചേര്‍ന്നു നടത്തിയ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം ഏറെ പ്രസിദ്ധമാണ്. ഭരണമുണ്ടെങ്കിലും സമരം നിര്‍ത്തില്ലെന്ന കമ്മ്യൂണിസ്റ്റ് പ്രഖ്യാപനം കൂടിയായിരുന്നു അത്.
കാലം ഏറെ മാറി. ഇപ്പോള്‍ പിടിച്ചടുക്കാന്‍ ജന്മിമാരുടെ ഭൂമിയൊന്നുമില്ല. എന്നുകരുതി പ്രസ്ഥാനത്തിനു സമരരീതി മാറ്റാനൊന്നും പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ ജന്മിമാരുടെ ഭൂമിയില്ലെങ്കില്‍ ഉള്ള ഭൂമി പിടിച്ചടക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. അതിനുവേണ്ടി തിരഞ്ഞപ്പോഴാണു മൂന്നാറില്‍ സര്‍ക്കാര്‍ വക ഭൂമി ഇഷ്ടംപോലെ കിടക്കുന്നതു കണ്ടത്. പിന്നെ കൈയേറാതിരിക്കുന്നതെന്തിന്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഏറ്റവും വിപ്ലവവീര്യമുള്ള പാര്‍ട്ടിക്കാര്‍ അതങ്ങു കൈയേറി. അതും എം.എല്‍.എയുടെ നേതൃത്വത്തില്‍. പണ്ടൊക്കെ കൈയേറി കുടില്‍ കെട്ടുകയായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ കാലത്തിനു യോജിച്ച മട്ടില്‍ ബഹുനില വാര്‍പ്പുകെട്ടിടങ്ങള്‍തന്നെ പണിതു. അതില്‍ ഏറ്റവും മികച്ചത് എം.എല്‍.എയ്ക്കു സ്വന്തം. ബാക്കി പാര്‍ട്ടിക്കാരുടെ കൈവശവും. ഓരോരുത്തര്‍ക്കും മൂന്നേക്കര്‍ വീതം ഭൂമി. മൊത്തം സ്ഥലം പാര്‍ട്ടി ഗ്രാമവുമാക്കി മാറ്റി.
വര്‍ഗവഞ്ചകരായ വലതന്മാര്‍ അതെല്ലാം കുളമാക്കാനുള്ള പുറപ്പാടിലാണ്. വലതനായ മന്ത്രി കൈയേറ്റമൊഴിപ്പിക്കാന്‍ നടപടി തുടങ്ങി. എന്നാല്‍, വിപ്ലവകാരികള്‍ അങ്ങനെ വിട്ടുകൊടുക്കുമോ. ഒഴിപ്പിക്കാന്‍ വലതന്‍ മന്ത്രി പറഞ്ഞയച്ച ഉദ്യോഗസ്ഥര്‍ക്കു തല്ലു കിട്ടി. ഒഴിപ്പിക്കല്‍ നടപടിയുടെ ചുമതലയുള്ള സബ് കലക്ടറെ മാറ്റാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരവും തുടങ്ങി. വലതന്‍ മന്ത്രിക്കു ബുദ്ധിയില്ലെന്ന എം.എല്‍.എയുടെ പ്രഖ്യാപനത്തോടെയായിരുന്നു തുടക്കം.
കൂട്ടത്തില്‍ അവിടെ ചെന്നാല്‍ സബ് കലക്ടര്‍ തിരിച്ചുപോകുക രണ്ടു കാലിലായിരിക്കില്ലെന്നും നാലു കാലിലായിരിക്കുമെന്നും യുദ്ധപ്രഖ്യാപനം. അതു വെറുംപ്രഖ്യാപനമായി തള്ളിക്കളയാനാവില്ല. ശത്രുക്കളെ വണ്‍, ടൂ, ത്രീ പറഞ്ഞു കൊന്നെന്നു മൈക്കു കെട്ടി പ്രസംഗിച്ച നേതാവിന്റെ ശിഷ്യനാണ് എം.എല്‍.എ.
വിപ്ലവത്തിന്റെ വഴികള്‍ ഇങ്ങനെയൊക്കെ തന്നെയാണെന്ന് ആര്‍ക്കാണറിയാത്തത്. പ്രതിവിപ്ലവകാരികളെ നിര്‍ദാക്ഷിണ്യം നേരിട്ട ചരിത്രമാണു പ്രസ്ഥാനത്തിനുള്ളത്. വിപ്ലവത്തിലൂടെ നേടിയ അധികാരസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച കുലാക്കുകളെ റഷ്യന്‍ വിപ്ലവകാരികള്‍ തുണ്ടം തുണ്ടമാക്കിയ ചരിത്രമുണ്ട്. ചൈനീസ് കമ്മ്യൂണുകളെ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ വിധിയും മറിച്ചായിരുന്നില്ല. പിന്നെ മൂന്നാര്‍ കമ്മ്യൂണില്‍ മാത്രം മറിച്ചൊരു രീതി വേണ്ടല്ലോ.
*** *** ****
ഇത് അധികാരവും സമ്പത്തുമൊക്കെയുള്ള വിപ്ലവകാരികളുടെ കാര്യം. എന്നാല്‍, കാടുകളില്‍ തെണ്ടിത്തിരിഞ്ഞു നടന്ന വര്‍ഗീസിനെപ്പോലുള്ള ഏഴാംകൂലി വിപ്ലവകാരികള്‍ ഇതുപോലെയൊക്കെ ചെയ്താല്‍ വിപ്ലവപ്രസ്ഥാനത്തിന് അത് അംഗീകരിച്ചു കൊടുക്കാനാവില്ല. നല്ല തണ്ടും തടിയും അത്യാവശ്യത്തിനു സാമ്പത്തിക സൗകര്യങ്ങളുമുള്ള ലക്ഷണമൊത്ത വിപ്ലവകാരികളെ സംഘടിപ്പിച്ചു മൂന്നാറില്‍ വിപ്ലവം നടത്തുന്നതുപോലെയല്ല ഉടുതുണിക്കു മറുതുണിയോ എഴുന്നേറ്റുനില്‍ക്കാന്‍ ആരോഗ്യമോ ഇല്ലാത്ത ആദിവാസികളെ സംഘടിപ്പിച്ചു പണ്ട് വര്‍ഗീസ് പുല്‍പ്പള്ളി- തിരുനെല്ലി മേഖലയില്‍ കലാപമുണ്ടക്കിയത്.
ജീവിക്കാന്‍ ഗതിയില്ലാത്ത ദരിദ്രവാസികള്‍ ജന്മിമാരുടെ ഭൂമിയും നിലവറയുമൊക്കെ കൈയേറുന്നതു വിപ്ലവമല്ല, കൊള്ളയാണ്. അതുകൊണ്ടാണു വര്‍ഗീസ് കൊള്ളക്കാരനും കൊടുംകുറ്റവാളിയുമൊക്കെ ആയിരുന്നെന്ന സത്യവാങ്മൂലം വിപ്ലവപ്പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
അപ്പോള്‍ പിന്നെ വര്‍ഗീസിനെപ്പോലെ പോരാടിയ ചെ ഗുവേരയുടെ ചിത്രം നിങ്ങള്‍ എന്തിനു നാടെങ്ങും കൊണ്ടുനടക്കുന്നുവെന്നു ചില പ്രതിക്രിയാവാദികള്‍ ചോദിക്കുന്നുണ്ട്. ചെഗുവേരയെപ്പോലെയാണോ വര്‍ഗീസ്. വിപ്ലവം നടത്തുമ്പോള്‍ ഇത്തിരി വൃത്തിയും മെനയുമൊക്കെ വേണ്ടേ, ജീന്‍സും കോട്ടും തൊപ്പിയുമൊക്കെ ധരിച്ചാണു ചെ ഗുവേരയും കൂട്ടരും വിപ്ലവം നടത്തിയത്. വര്‍ഗീസിനെപ്പോലെ തോര്‍ത്തുമുണ്ടുടുത്തു കുളിക്കാതെ നടക്കുന്ന ആദിവാസികളോടൊപ്പമല്ല.
*** *** ****
നാറ്റക്കേസിന്റെ പേരിലാണെങ്കിലും എ.കെ ശശീന്ദ്രന്‍ ആരോപണമുണ്ടായ ഉടന്‍ രാജിവച്ചതു സര്‍ക്കാരിനു വലിയൊരു ആശ്വാസമായി. എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞു കസേരയില്‍ കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ സര്‍ക്കാരിനും മുന്നണിക്കും പണിയാകുമായിരുന്നു. ശശീന്ദ്രന്‍ മാന്യനായതുകൊണ്ടു പിടിച്ചു പുറത്താക്കേണ്ടി വന്നില്ല. എന്തായാലും ഇത്ര മാന്യനും ബുദ്ധിമാനുമായ ശശീന്ദ്രന് ഇതുപോലൊരു അബദ്ധം പറ്റുമെന്ന് ആരും കരുതിയതല്ല.
മന്ത്രിക്കസേരയിലൊക്കെ ഇരിക്കുമ്പോള്‍ ഇത്തരം കലാപരിപാടികള്‍ക്ക് ഇത്തിരി അടക്കവുമൊതുക്കവുമൊക്കെ വേണമെന്നു മനസ്സിലാക്കാനാവാതെ പോയതിനെ ബുദ്ധിമോശമെന്നല്ലാതെ എന്തു പറയാന്‍. ലൈംഗികക്കേസുകളില്‍പെട്ട് കസേര തെറിച്ച മുന്‍ഗാമികള്‍ കുറേയുണ്ടു കേരളത്തില്‍. അതുപോലും ചിന്തിച്ചില്ല. കൈയിലിരിപ്പു ശരിയല്ലെങ്കില്‍ വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നാണല്ലോ പ്രമാണം.
ഏതായാലും ശശീന്ദ്രനെ കെണിയില്‍ വീഴ്ത്തിയ 'അതിസാഹസിക' മാധ്യമപ്രവര്‍ത്തനത്തിന്റെ മാഹാത്മ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണു കേരളം. ഭരണാധികാരികളുടെ അഴിമതിയും അസാന്മാര്‍ഗിക നടപടികളുമൊക്കെ വെളിച്ചത്തു കൊണ്ടുവരേണ്ടേയെന്നു ചോദിച്ചാല്‍ വേണ്ടെന്ന് ആരും പറയില്ല. എന്നാല്‍, അതിനുമില്ലേ ചില നേരും നെറിയുമൊക്കെയെന്നു ചോദിക്കുന്നവരും കുറവല്ല. വ്യക്തികളുടെ സ്വകാര്യതയുടെ ഏതറ്റം വരെയും കടന്നുകയറാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന ചോദ്യം അവഗണിച്ചു തള്ളേണ്ടതല്ല. നിയമം അത് അനുവദിക്കുന്നുമില്ല.
ഒരു നിയമവും വ്യവസ്ഥയും മാധ്യമങ്ങള്‍ക്കു ബാധകമല്ലെന്നു പറയാനാകുമോ? ഇതുപോലെ എല്ലാ നിയമങ്ങളും ലംഘിച്ചാണു വര്‍ഗീയ, രാഷ്ട്രീയ ഫാസിസ്റ്റ് ശക്തികള്‍ മനുഷ്യന്റെ ആഹാരരീതിയടക്കമുള്ള സ്വകാര്യതകളിലേക്കു കടന്നുകയറുന്നത്. അക്കൂട്ടത്തില്‍ മാധ്യമ ഫാസിസമെന്ന ഒരിനം കൂടി രംഗപ്രവേശനം ചെയ്താല്‍ എന്താണു സംഭവിക്കുക എന്നുകൂടി ചിന്തിക്കുന്നതു നന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."