മുഴപ്പിലങ്ങാട് അക്രമം: 15 പേര്‍ക്കെതിരേ കേസ്
തലശ്ശേരി: മുഴപ്പിലങ്ങാട് പാച്ചാക്കര അങ്കണവാടിക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമ സംഭവത്തിലും ബോംബേറിലും 15 പേര്‍ക്കെതിരേ എടക്കാട് പൊലിസ് കേസെടുത്തു. ഒരു പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ അഞ്ച് ബൈക്കുകള്‍ക്കും ഒരു കാറിനും കേടുപാട് പറ്റിയിരുന്നു. കേടുപറ്റിയ ബൈക്കുകളും കാറും എടക്കാട് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
എടക്കാട് റെയില്‍വെ സ്റ്റേഷനടുത്ത് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കഴിഞ്ഞ ദിവസം എടക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരില്‍ നിന്നു കഞ്ചാവോ മറ്റോ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. പിടിയിലായ യുവാക്കളെക്കുറിച്ച് പൊലിസിന് വിവരം നല്‍കിയത് പാച്ചാക്കരയിലെ യുവാക്കളാണെന്ന് ആരോപിച്ചാണ് ബൈക്കുകളും മറ്റും തകര്‍ത്തതെന്നാണ് പരാതി. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി മുഹമ്മദ് റിഷാന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമവും ബോംബേറും നടത്തിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പരുക്കേറ്റ പാച്ചാക്കരയിലെ മുഹമ്മദ് അഷറഫ്(22), മുഹമ്മദ് സഹദ്(20) എന്നിവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."