ആനകളില്ലാത്ത ചരിത്രത്തിലേക്ക് ബെള്ള ഗ്രാമം
പുല്‍പ്പള്ളി: ആനയും ആനകൊട്ടിലുമില്ലാത്ത കാലത്തേക്ക് ബെള്ള ഗ്രാമവാസികളും. സംസ്ഥാന അതിര്‍ത്തിയിലെ വനാന്തര ഭാഗത്ത് കബനി നദിയോട് ചേര്‍ന്നാണ് ബെള്ള എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആനകളുമായാണ് ഗ്രാമവാസികള്‍ക്ക് ചങ്ങാത്തം കൂടുതല്‍. കാലങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണിത്. കാട്ടില്‍ നിന്ന് പിടികൂടുന്ന കൊലകൊമ്പന്മാര്‍ വരെ ബെള്ളയിലെത്തിയാല്‍ അനുസരണയുള്ളവനാകും. ആനകളെ പരിശീലിപ്പിക്കുന്നതില്‍ അത്രക്കുണ്ട് ബെള്ള ഗ്രാമവാസികളുടെ വൈദഗ്ധ്യം. ഒരു കാലത്ത് മൈസൂര്‍ രാജാക്കന്മാരുടെ അഭിമാനമായിരുന്നു ബെള്ളയിലെ ആന വളര്‍ത്തു കേന്ദ്രം. പില്‍കാലത്തെത്തിയ ബ്രിട്ടീഷുകാര്‍ക്കും ഈ ഗ്രാമവും ആനവളര്‍ത്തു കേന്ദ്രവും പ്രിയപ്പെട്ടതായിരുന്നു. ബെള്ളയിലെ കൊച്ചു കുട്ടികള്‍ വരെ ആനകളെ അനുസരിപ്പിക്കുന്നതില്‍ മിടുക്ക് തെളിയിച്ചവരാണ്. ഊണിലും ഉറക്കത്തിലും ഗ്രാമവാസികളുടെ സന്തതസഹചാരികളായിരുന്നു ആനകള്‍.
മൈസൂര്‍ രാജാക്കന്മാരുടെ ആനഗദ്ദകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വനം വളഞ്ഞ് ആനകളെ പിടികൂടുന്നതാണ് ആനഗദ്ദകള്‍. രാജാവ് നേരിട്ട് നേതൃത്വം നല്‍കുന്നതാണ് ആനഗദ്ദ. പിടികൂടുന്നവയില്‍ ലക്ഷണമൊത്തവയൊഴികെയുള്ളവയെ വനത്തിലേക്ക് തിരിച്ചുവിടും. കുറുമ്പന്മാരായ ഈ കാട്ടുകൊമ്പന്മാരെ പരിശീലിപ്പിക്കുന്നത് ബെള്ളയിലാണ്. ഗ്രാമമുഖ്യന്‍ പറയുന്ന ആനകളെ മാത്രമേ രാജാവ് എടുക്കുകയുളളു. അക്കാലങ്ങളില്‍ രാജകുടുംബത്തിന്റെ അരുമ പ്രജകളായിരുന്നു ബെള്ള ഗ്രാമവാസികള്‍. ബെളള ഗ്രാമവാസികളുടെ ആന പരിശീലനം എന്നു തുടങ്ങിയെന്നതിന് കൃത്യമായ രേഖകളില്ല. ഗ്രാമവാസികളുടെ കഥകളില്‍-പഴമ്പാട്ടുകളിലെല്ലാം നായകര്‍ ആനകളും അവയെ വരുതിയിലാക്കിയ മുന്‍ഗാമികളുമാണുള്ളത്. മുന്‍പ് രാജാവ് നിയമിച്ച ഒരു കൊല്ലനും ഗ്രാമത്തിലുണ്ടായിരുന്നു. ഇയാളുടെ കുടുംബത്തിന്റെ ഏക ജോലി ആനക്ക് തോട്ടിയും ചങ്ങലയും ഉണ്ടാക്കുകയായിരുന്നു. രാജാവില്‍ നിന്ന് പട്ടും വളയും വീരശൃംഗലയും വാങ്ങിയവരായിരുന്നു ബെള്ള ഗ്രാമവാസികള്‍.
കാലം മാറി, കഥയും മാറി. ഇന്ന് ബെള്ളയിലെ ആന പരിശീലന കേന്ദ്രത്തില്‍ ആനകളുടെ ചങ്ങല കിലുക്കമില്ല. ബെള്ളയിലുണ്ടായിരുന്ന അവശേഷിച്ച ആനകളെയും കുഷാല്‍ നഗറിനടുത്ത തിരുമതി ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ബെള്ളയില്‍ അവശേഷിക്കുന്നത് ഒരു ആന മാത്രമാണ്. ആനവളര്‍ത്തല്‍ കേന്ദ്രം നിലക്കുന്നതോടെ ബെള്ള എന്ന ഗ്രാമവും ചരിത്രത്തിന്റെ താളുകളിലേക്ക് മറയുകയാണ്. ആനകളും ആനകൊട്ടിലുകളുമില്ലാത്ത ചരിത്രത്തിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."