തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 49 ശതമാനം മാത്രം
മലപ്പുറം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് പകുതിയില്‍ പോലുമെത്തിയില്ല. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഇതുവരെയായി ചെലവഴിച്ചത് 49 ശതമാനം തുക മാത്രമാണ്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കാണിത്. കൊല്ലം ജില്ലയാണ് ചെലവില്‍ മുന്നില്‍ നില്‍ക്കുന്നത്. 53.21 ശതമാനം. ഏറ്റവും പിറകിലുള്ളത് വയനാട് ജില്ലയാണ്. ഇവിടെ 44.55 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. പത്തനംതിട്ട (52.65), പാലക്കാട് (50.94), ഇടുക്കി (50.6), ആലപ്പുഴ (50.26), എറണാകുളം (50.52), കോട്ടയം (50.17), കാസര്‍കോട് (49.43), മലപ്പുറം (49.16), കോഴിക്കോട് (46.9), കണ്ണൂര്‍ (46.95), തിരുവനന്തപുരം (45.29), തൃശൂര്‍ (45.31) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ ശതമാനക്കണക്ക്.
ജില്ലാ പഞ്ചായത്തുകളില്‍ പാലക്കാടാണ് മുന്നില്‍. പാലക്കാട് ഇതിനകം 66.43 ശതമാനം തുക ചെലവഴിച്ചു. ഏറ്റവും കുറവുള്ളത് കണ്ണൂര്‍ ജില്ലാ പഞ്ചായത്താണ്. ഇവിടെ 39.64 ശതമാനം മാത്രമാണ് ചെലവ്. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം കോര്‍പറേഷനുകളാണ് മുന്നിലുള്ളത്. തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഏറെ പിന്നിലാണ്. നഗരസഭകളില്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭ 84.16 ശതമാനം ചെലവഴിച്ച് മുന്നിലുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നഗരസഭയാണ് ഏറ്റവും പിറകിലുളളത്. 26.16 ശതമാനം മാത്രമാണ് ഈരാറ്റുപേട്ട ചെലവിട്ടത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ഒന്നാം സ്ഥാനത്താണ്. 95.08 ശതമാനമാണ് ചെലവഴിച്ചത്. ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് ആണ് ഏറ്റവും പിറകിലുള്ളത്. 29.64 ശതമാനമാണ് ഇവിടെ ചെലവഴിച്ചത്. ഗ്രാമ പഞ്ചായത്തുകളില്‍ എറണാകുളം ജില്ലയിലെ വാളകം പഞ്ചായത്താണ് ഏറ്റവും മുന്നില്‍. നൂറ് ശതമാനവും ചെലവിട്ടാണ് വാളകം മുന്നിലെത്തിയത്. 14.16 ശതമാനം മാത്രം ചെലവിട്ട് കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ ആണ ്ഏറ്റവും പിറകിലുള്ളത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണം ഇത്തവണ ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം പഞ്ചായത്തുകള്‍ ഭൂരിഭാഗം തുകയും ചെലവഴിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം പദ്ധതി നിര്‍വഹണം അന്‍പത് ശതമാനത്തിലെത്താന്‍ തന്നെ ഏറെ പ്രയാസപ്പെടുകയാണ്. 2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷികപദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതും ഏറെ വൈകിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍നടപടികളും വൈകിയത് എന്നാണ് ആരോപണം. എല്‍.ഡി.എഫ് അധികാരത്തിലേറിയതിന് ശേഷം പദ്ധതി രൂപീകരണത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു. ഏറെ വൈകിയാണ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയതിനെ തുടര്‍ന്ന് അതിനനുസരിച്ച് പദ്ധതിയും മാറ്റേണ്ടി വന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്. പദ്ധതി നിര്‍വഹണത്തിലെ മെല്ലെപ്പോക്ക് മൂലം തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കോടികളുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷവും ഇതേ സ്ഥിതിയാണുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."