അവാര്‍ഡ് വിതരണം നാളെ
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും പി.സി ജോര്‍ജ് എം.എല്‍.എ ഏര്‍പ്പെടുത്തിയ എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് 'എക്‌സലന്‍ഷ്യ 2016' നാളെ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് മുണ്ടക്കയം സി.എസ്.ഐ ഓഡിറ്റോറിയത്തില്‍ വച്ച് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ വിഭാഗങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുക. എയ്ഡഡ് സ്‌കൂളുകളില്‍ 100% വിജയം നേടിയ സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിക്കും. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഏറ്റവും മികച്ച വിജയം നേടിയ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആനക്കല്ല്, സെന്റ് അല്‍ഫോന്‍സ പബ്ലിക് സ്‌കൂള്‍ അരുവിത്തുറ എന്നീ സ്‌കൂളുകള്‍ക്കും പുരസ്‌കാരം നല്‍കും.
കൂടാതെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍, സെന്റ് ആഗസ്റ്റിന്‍ എച്ച്.എസ്. പെരിങ്ങളം, അസംപ്ഷന്‍ എച്ച്.എസ്. പാലമ്പ്ര എന്നീ സ്‌കൂളുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച വിജയം നേടിയ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പൂഞ്ഞാര്‍, സെന്റ് തോമസ് എച്ച്.എസ്.എസ് എരുമേലി എന്നീ സ്‌കൂളുകള്‍ക്കും ആദരവ് നല്‍കുന്നതാണ്. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും, മറ്റ് കലാ, സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുസ്‌ലിം ഗേള്‍സ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സി.എം.എസ് എല്‍.പി.എസ് മുണ്ടക്കയം എന്നീ സ്‌കൂളുകളെയും ആദരിക്കുന്നു.
2016 സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കോരുത്തോട് സ്വദേശി മിഥുന്‍ സോമരാജിനെയും സ്‌കൂള്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ കലാ കായിക പാഠ്യ മേഖലകളില്‍ മികവു പുലര്‍ത്തിയ കുട്ടികളെയും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച എരുമേലി സ്വദേശി നിഥിന്‍ ഫിലിപ്പ് മാത്യുവിനെയും മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ബൈജു ജേക്കബ്ബിനെയും സിന്ധു ജി. നായരെയും ഈ ചടങ്ങില്‍ ആദരിക്കും.
പ്രസ്തുത ചടങ്ങില്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."